കോട്ടപ്പുറംപുഴയിൽ വഞ്ചി മുങ്ങി ; രണ്ട് മണൽവാരൽ തൊഴിലാളികളെ കാണാതായി;

12:23 PM May 24, 2025 |


കൊടുങ്ങല്ലൂർ: കോട്ടപ്പുറം പുഴയിൽ വഞ്ചി മുങ്ങി രണ്ട് മണൽ വാരൽ തൊഴിലാളികളെ കാണാതായി. മേത്തല പടന്ന പാലക്കപറമ്പിൽ സന്തോഷ് (38), എറിയാട് മഞ്ഞളിപ്പള്ളി ഓട്ടറാട്ട് പ്രദീപ് (55) എന്നിവരെയാണ് കാണാതായത്.രണ്ടുപേർ നീന്തി രക്ഷപ്പെട്ടു

ശനിയാഴ്ച പുലർച്ചെ 2.30-ന് കോട്ടപ്പുറം കോട്ടയ്ക്ക് സമീപം കായൽ കടവിൽ ആയിരുന്നു അപകടം. രാത്രി 12-ന് മണൽ വാരുന്നതിന് പുഴയിൽ പുത്തൻവേലിക്കര ഭാഗത്തേക്ക് പോയ തൊഴിലാളികൾ മണൽ വാരി തിരികെ വരുമ്പോൾ കനത്ത കാറ്റിൽ വഞ്ചി മുങ്ങുകയായിരുന്നു.

പുഴയിൽ ഓളം കൂടിയപ്പോൾ വഞ്ചിയിലേക്ക് വെള്ളം കയറി. വെളളം കോരി കളഞ്ഞ് അപകടം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും പൊടുന്നനെ മുങ്ങിത്താഴുകയായിരുന്നു. പടന്ന തയ്യിൽ രാജേഷ് (45), അഞ്ചപ്പാലം സ്വദേശി അജേഷ് (35) എന്നിവരാണ് കരയിൽ നീന്തിക്കയറി രക്ഷപ്പെട്ടത്. പോലീസും അഗ്നിരക്ഷാസേനയും തിരച്ചിൽ നടത്തിയെങ്കിലും കാണാതായവരെ കണ്ടെത്താനായില്ല. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.