കോട്ടയം : തിരുവാതുക്കലില്‍ ദമ്പതിമാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ ആരുമില്ലെന്ന് കോട്ടയം എസ്.പി ഷാഹുല്‍ ഹമീദ്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. ക്രൂരമായ രീതിയിലാണ് കൊലപാതകങ്ങൾ നടന്നിട്ടുള്ളത്. ഭർത്താവിന്റെയും ഭാര്യയുടെയും മൃതദേഹങ്ങൾ രണ്ട് വ്യത്യസ്ത മുറികളിലാണുള്ളത്. എഫ്.ഐ.ആർ രജിസ്ട്രേഷൻ പൂർത്തിയായതിനുശേഷം ശാസ്ത്രീയ പരിശോധനകൾ നടത്തും.
വീടിന്റെ മുൻവശത്തെ വാതിൽ തുറന്നാണ് പ്രതി അകത്തുകയറിയിരിക്കുന്നത്. സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് അടുത്തുള്ള ജനൽ തുറന്ന് അതുവഴി വാതിൽ തുറന്നെന്നാണ് ഇപ്പോഴത്തെ അനുമാനം. വീടിന്റെ ഔട്ട്ഹൗസിൽ നിന്നാണ് അക്രമത്തിന് ഉപയോഗിച്ച കോടാലി എടുത്തിരിക്കുന്നത്. അത് ലഭിച്ചിട്ടുണ്ട്. മുൻവശത്തെ വാതിൽ തുറക്കാനായാണ് അമ്മിക്കല്ല് കൊണ്ടുവന്നതെന്നാണ് തോന്നുന്നത്. അതിന്റെ ആവശ്യം വരാത്തതിനാൽ അവിടെ തന്നെ ഇട്ടിരിക്കുകയാണ്. കൊലപാതകം വ്യക്തിപരമായ കാരണം കൊണ്ടാണെന്നാണ് നിഗമനമെന്നും അദ്ദേഹം പറഞ്ഞു.