കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ സംസ്‌കാരം ഇന്ന് നടക്കും. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്നലെ മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.
രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. നാടിൻറെ നൊമ്പരമായി മാറിയ ബിന്ദുവിനെ അവസാനമായി കാണാൻ നൂറുക്കണക്കിനാളുകളാണ് തലയോലപ്പറമ്പിലെ വീട്ടിലേക്ക് ഒഴുകിയെത്തുന്നത്. മകൻ നവനീതിൻറെയും ഭർത്താവ് വിശ്രുതൻറെയും കരച്ചിൽ കണ്ടുനിന്നവരുടെയെല്ലാം കണ്ണുകൾ ഈറനണിഞ്ഞു. ചികിത്സയിലുള്ള മകൾ കഴുത്തിൽ കോളർ ധരിച്ചാണ് അമ്മയെ അവസാനമായി കാണാൻ എത്തിയത്. 11 മണിയോടെയാണ് സംസ്കാരം ക്രമീകരിച്ചിരിക്കുന്നത്.
ബിന്ദുവിന്റെ മകൾ നവമിയെ (20) ശസ്ത്രക്രിയക്കായി ന്യൂറോ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. മൂന്നാഴ്ച ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സ നൽകിയശേഷം ശസ്ത്രക്രിയ നടത്തുവാനാണ് തീരുമാനിച്ചിരുന്നത്. ഇതിനായി കഴിഞ്ഞ ജൂലൈ ഒന്നിനാണ് വിശ്രുതനും, ബിന്ദുവും മകൾ നവമിയുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്.
ട്രോമ കെയർ വിഭാഗത്തിലാണ് നവമിയെ പ്രവേശിപ്പിച്ചിരുന്നത്. മകളുടെ ചികിത്സാർത്ഥം ആശുപത്രിയിൽ കഴിഞ്ഞിരുന്ന ബിന്ദു വ്യാഴാഴ്ച രാവിലെ കുളിക്കുന്നതിനായിയാണ് തകർന്ന് വീണ പതിനാലാം വാർഡിന്റെ മൂന്നാം നിലയിലേക്ക് എത്തിയത്. ഈ സമയത്താണ് കെട്ടിടം തകർന്നുവൂണ് അപകടമുണ്ടായത്