കോട്ടയം: ജില്ലയിൽ പലയിടത്തും ഹെപ്പറ്റൈറ്റിസ് എ രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൻ. പ്രിയ അറിയിച്ചു. കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ്. മലിനമായ ആഹാരവും
കുടിവെളളവും വഴി പകരുന്ന വൈറൽ ഹെപ്പറ്റൈറ്റിസിന്റെ എ,ഇ
വിഭാഗങ്ങളാണ് കൂടുതലായി കണ്ടുവരുന്നത്. ശരീരവേദനയോടു കൂടിയ പനി,തലവേദന,ക്ഷീണം,ഓക്കാനം,ഛർദ്ദി തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണങ്ങൾ. പിന്നീട് മൂത്രത്തിനും കണ്ണിനും മറ്റ് ശരീര ഭാഗങ്ങളിലും മഞ്ഞനിറം ഉണ്ടാകും. മലിനമായ ജല സ്രോതസ്സുകളിലൂടെയും ശുദ്ധമല്ലാത്ത വെള്ളം ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും
രോഗം ബാധിച്ചവരുമായിഅടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയുമാണ് രോഗം പകരുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ തുടക്കത്തിലേ ആരംഭിച്ചാൽ രോഗബാധ തടയാനാകും. ആഘോഷങ്ങൾ, വിനോദയാത്ര, ഉത്സവങ്ങൾ എന്നീ വേളകളിൽ ഭക്ഷണ പാനീയ ശുചിത്വത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
പ്രതിരോധ മാർഗ്ഗങ്ങൾ
* വ്യക്തിശുചിത്വവും പരിസര ശുചിത്വവും
പാലിക്കണം
* ആഹാരം കഴിക്കുന്നതിനുമുൻപും
മലവിസർജ്ജനത്തിനുശേഷവും കൈകൾ
സോപ്പുപയോഗിച്ച് കഴുകണം.
* നഖങ്ങൾ വൃത്തിയാക്കി സൂക്ഷിക്കണം.
* മലമൂത്രവിസർജ്ജനം കക്കൂസുകളിൽ മാത്രം
ചെയ്യണം
* കുഞ്ഞുങ്ങളുടെ വിസർജ്ജ്യങ്ങൾ സുരക്ഷിതമായി
നീക്കണം
* തിളപ്പിച്ചാറ്റിയ വെളളം മാത്രം കുടിക്കാൻ ഉപയോഗിക്കണം
* ആഹാര സാധനങ്ങളും കുടിവെള്ളവും അടച്ചുസൂക്ഷിക്കണം
* പഴകിയ ആഹാരം കഴിക്കരുത്
* പഴവർഗ്ഗങ്ങളും പച്ചക്കറികളും നന്നായി കഴുകി
ഉപയോഗിക്കണം
* കിണർ വെള്ളം നിശ്ചിത ഇടവേളകളിൽ
ക്ലോറിനേറ്റ് ചെയ്യണം.
* സെപ്റ്റിക് ടാങ്കും കിണറും തമ്മിൽ നിശ്ചിത
അകലമുണ്ടെന്ന് ഉറപ്പുവരുത്തണം
* ശുദ്ധത ഉറപ്പില്ലാത്ത ഐസ്ക്രീം, സിപ്പ് അപ്പ്, മറ്റ്
ശീതളപാനീയങ്ങൾ തുടങ്ങിയവ കഴിക്കരുത്
രോഗപ്പകർച്ച തടയാൻശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* രോഗമുള്ളവർ ഭക്ഷണം പാചകം ചെയ്യുകയോ
വിളമ്പുകയോ ചെയ്യരുത്
* കുഞ്ഞുങ്ങളെയും പ്രായമായവരെയും
പരിചരിക്കുന്നതിൽനിന്ന് ഒഴിഞ്ഞു
നിൽക്കണം
* രോഗി ഉപയോഗിച്ച പാത്രങ്ങൾ, വസ്ത്രങ്ങൾ
എന്നിവ മറ്റുള്ളവർ ഉപയോഗിക്കരുത്
* കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകണം
* രോഗി പൊതുകുളങ്ങളോ നീന്തൽ കുളങ്ങളോ
ഉപയോഗിക്കരുത്
രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ ആരോഗ്യ
പ്രവർത്തകരെ വിവരമറിയിക്കണമെന്നും ജില്ലാ മെഡിക്കൽ
ഓഫീസർ അറിയിച്ചു.