ഹൃദയം സ്വീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മധ്യവയസ്കൻ മരിച്ചു

04:00 PM Nov 07, 2025 | Neha Nair

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ഹൃദയം സ്വീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മധ്യവയസ്കൻ മരിച്ചു. എറണാകുളം പുത്തൻ കുരിശ് വരികോലി, മറ്റത്തിൽ എം.എം. മാത്യു (57) ആണ് മരിച്ചത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ പമ്പയിൽ വെച്ച് തലയടിച്ച് വീണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ അസി. പ്രിസൺ ഓഫിസർ ഒറ്റശേഖരമംഗലം കാവിൻ പുറത്ത് വീട്ടിൽ എ.ആർ. അനീഷിന്‍റെ ഹൃദയമാണ് മാത്യൂ സ്വീകരിച്ചത്.

ഒക്ടോബർ 22നായിരുന്നു ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. അനീഷിന്‍റെ ശ്വാസകോശവും വൃക്കകളും കണ്ണുകളും പാൻഗ്രിയാസ്, കരൾ എന്നിവയുമാണ് ദാനം ചെയ്തിരുന്നത്. എന്നാൽ ഹൃദയം സ്വീകരിച്ച മാത്യൂ ബുധനാഴ്ച പുലർച്ചയോടെ മരിച്ചു. മാറ്റി വെച്ച ഹൃദയം മാത്യുവിന്‍റെ ശരീരവുമായി യോജിക്കാത്തതാണ് മരണകാരണമെന്നും മാറ്റിവെച്ച ഹൃദയം യോജിക്കാതെ വരുന്നത് പരിഹരിക്കുന്നതിനുള്ള എല്ലാ ചികിത്സയും മാത്യുവിന് നൽകിയിരുന്നുവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

ഹൃദയം എടുത്തയാളുമായി മാത്യുവിനുണ്ടായ പ്രായ വ്യത്യാസവും പ്രതിസന്ധി സൃഷ്ടിച്ചെന്നും പറയുന്നു. എന്നാൽ എക്മോ (ഹൃദയവും നെഞ്ചിനെയും ബന്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന മിഷ്യൻ) ഉപയോഗിക്കാൻ പരിശീലനം ലഭിക്കാത്ത പെർഫ്യൂഷനിസ്റ്റിനെ കൊണ്ട് കൈകാര്യം ചെയ്യിപ്പിച്ചതാണ് മരണകാരണമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.