കോഴിക്കോട്; പുതിയ ബസ്‌സ്റ്റാൻഡിനു സമീപത്തെ വസ്ത്രവ്യാപാര ശാലയിൽ വൻ തീപിടിത്തം. കാലിക്കറ്റ് ടെക്സ്റ്റൈൽസിലാണ് വൈകിട്ട് അഞ്ചരയോടെ തീ പടർന്നത്. ആളപായമില്ലെന്നാണ് വിവരം. അഗ്നിരക്ഷാസേനയുടെ അഞ്ചു യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കടയിൽ തീ പടർന്നപ്പോൾത്തന്നെ ആളുകൾ ഓടിമാറിയെന്ന് നാട്ടുകാർ പറഞ്ഞു.
മൂന്നു നിലക്കെട്ടിടത്തിനാണ് തീ പിടിച്ചത്. മറ്റു കടകളും ഇതിനു സമീപത്തുള്ളതിനാൽ തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്നിരക്ഷാസേന. കെട്ടിടത്തിന്റെ മറ്റു നിലകളിലുള്ളവരെ ഒഴിപ്പിച്ചു. ബസ് സ്റ്റാൻഡിലെ ബസുകൾ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയിട്ടുണ്ട്. പ്രദേശത്താകെ പുക പടർന്നിട്ടുണ്ട്. ഈ ഭാഗത്തേക്കുള്ള ഗതാഗത്തിന് പൊലീസ് നിയന്ത്രണമേർപ്പെടുത്തി.
സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസുകൾ മുഴുവൻ മാറ്റി. ആളുകളെ ഒഴിപ്പിച്ചു. ബസ്‍സ്റ്റാൻഡ് ബിൽഡിങ്ങിൽ പ്രവൃത്തിച്ചിരുന്ന കടകൾ പൂട്ടിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. നാല് യൂണിറ്റ് ഫയർഫോഴ്സാണ് നിലവിൽ സ്ഥലത്തുള്ളത്. കൂടുതൽ യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.