തിരുവനന്തപുരം: വിവരാവകാശ അപേക്ഷകളിൽ അവ്യക്തവും അപൂർണവുമായ മറുപടി നൽകുന്നത് സംബന്ധിച്ച പരാതികൾ വർധിച്ചതോടെ ജീവനക്കാർക്ക് മാർഗനിർദേശവുമായി കെ.എസ്.ഇ.ബി. വിവരാവകാശ അപേക്ഷകൾ കൈകാര്യം ചെയ്യുന്ന രീതിയും വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഫീസ്, കാലതാമസം എന്നിവയുമായി ബന്ധപ്പെട്ടും നിരവധി പരാതികൾ ഉയർന്നു. തുടർന്നാണ് മാർഗനിർദേശം ഇറക്കിയത്.
അപേക്ഷകർക്ക് ആവശ്യമായ വിവരങ്ങൾ കൃത്യവും വ്യക്തവുമായ രീതിയിൽ നൽകുന്നതിനൊപ്പം നിയമാനുസൃത ഫീസ് വാങ്ങൽ ഉറപ്പുവരുത്താനാണ് പ്രധാന നിർദേശം. അപേക്ഷിക്കുന്ന ഓഫിസിലെ പബ്ലിക് ഇർഫർമേഷൻ ഓഫിസർ(പി.ഐ.ഒ/എ.പി.ഐ.ഒ) മാത്രമേ വിവരങ്ങൾ നൽകാവൂ. അപേക്ഷയുടെ ഉള്ളടക്കം വ്യക്തമായി വായിച്ചു ആവശ്യപ്പെടുന്ന വിവരങ്ങൾ മറുപടി വായിക്കുന്നവർക്ക് ആശയക്കുഴപ്പം ഉണ്ടാകാത്ത രീതിയിൽ ലളിതമായ ഭാഷയിൽ കൃത്യവും വ്യക്തവുമായി നൽകണം.
നൽകുന്ന വിവരങ്ങൾ ഔദ്യോഗിക രേഖകളിൽ നിന്നുമാത്രം ശേഖരിക്കണം. സ്ഥിരീകരിക്കാത്ത വിവരങ്ങൾ നൽകരുത്. അപേക്ഷകളിൽ ചോദിക്കുന്ന എല്ലാ വിഷയങ്ങൾക്കും മറുപടി നൽകണം. ഭാഗിക വിവരങ്ങൾ നൽകുന്നത് ഒഴിവാക്കാനും നിർദേശിച്ചിട്ടുണ്ട്. ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ നിയമത്തിലെ അനുബന്ധ വകുപ്പുകൾ (സെക്ഷൻ 7,8) വ്യക്തമായി പരാമർശിക്കണം.
അപേക്ഷയിലെ ചില ചോദ്യങ്ങൾക്ക് വെബ്സൈറ്റ് വിലാസം മാത്രം നൽകുന്നതിന് പകരം അതിന്റെ ലിങ്കുകളും അനുബന്ധ പകർപ്പുകളും നൽകുന്നത് നിർബന്ധമാക്കി. എല്ലാ വിഭാഗം തലവന്മാരും അവരുടെ കീഴിലുള്ള പി.ഐ.ഒ/എ.പി.ഐ.ഒ മാർ നിർദേശങ്ങൾ കർശനമായി പാലിക്കുന്നുവെന്നു ഉറപ്പുവരുത്തണം.