കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം ; രണ്ടു യുവാക്കളും മദ്യപിച്ചിരുന്നതായി പൊലീസ് ; അറസ്റ്റില്‍

05:52 AM Aug 22, 2025 |


എറണാകുളം മുളന്തുരുത്തിയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണം നടത്തുകയും ഡ്രൈവറെ മര്‍ദിക്കുകയും ചെയ്ത രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനം ഓടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. അറസ്റ്റിലായ യുവാക്കള്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി എട്ടരയോടെ മുളന്തുരുത്തി പളളിത്താഴം ജങ്ഷനിയാരുന്നു സംഘര്‍ഷം. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അരയങ്കാവ് സ്വദേശികളായ അഖില്‍,മനു എന്നിവരാണ് ആറന്‍മുളയില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ആക്രമിച്ചത്. ബസിന്റെ സൈഡ് മിറര്‍ യുവാക്കള്‍ അടിച്ചു പൊട്ടിച്ചു. ഡ്രൈവറെ കമ്പി വടി കൊണ്ട് അടിച്ചെന്നും പരാതിയുണ്ട്.

അഖിലും മനുവും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ കെഎസ്ആര്‍ടിസി ബസിന് മാര്‍ഗതടസം സൃഷ്ടിക്കും വിധം ഓടിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് വിവരം. ഇരുവരെയും സംഭവസ്ഥലത്തു വച്ചു തന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരും മദ്യപിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.