കോഴിക്കോട്: ലൈംഗിക ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനേയും ഉറ്റസുഹൃത്തും വടകര എംപിയുമായ ഷാഫി പറമ്പിലിനേയും ലീഗ് നേതാവ് പികെ ഫിറോസിനേയും രൂക്ഷമായി വിമര്‍ശിച്ച് കെടി ജലീല്‍ എംഎല്‍എ.
റീല്‍സെടുത്ത് കൃത്രിമ ജനകീയത ഉണ്ടാക്കിയെടുക്കാമെന്നും പുതുതലമുറയെ തെറ്റിദ്ധരിപ്പിച്ച ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ വക്താക്കളാണ് ഇവരെന്ന് ജലീല്‍ പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പിനു ശേഷം രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം ഫിറോസ്, വിയറ്റ്‌നാമിലേക്ക് വിദേശയാത്ര നടത്തിയതായി ആരോപണമുണ്ട്. ഇക്കാര്യം അന്വേഷിക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.
കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
സൈബര്‍ ഗുണ്ടകളെ ഇറക്കി മഹാപരാധങ്ങളെ പ്രതിരോധിക്കാമെന്നും റീല്‍സെടുത്ത് കൃത്രിമ ജനകീയത ഉണ്ടാക്കിയെടുക്കാമെന്നും പുതുതലമുറയെ തെറ്റിദ്ധരിപ്പിച്ച ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ വക്താക്കളാണ് ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടവും പി.കെ ഫിറോസും. ഈ മൂവര്‍ സംഘം യു.ഡി.എഫിന് ഭാരമാകുമെന്ന് ഉറപ്പാണ്. റീലന്‍മാരുടെ ഈ അവിശുദ്ധ കൂട്ടുകെട്ടിനെ കേരളം കരുതിയിരിക്കണം. അധികാരത്തിന്റെയും പണത്തിന്റെയും മറവില്‍ എന്തു തോന്നിവാസവും നടത്താമെന്നാണ് ഇവരുടെ വിചാരം. ആഢംബരഭ്രമവും കുതികാല്‍ വെട്ടും ചട്ടമ്പി മുതലാളിമാരുമൊത്തുള്ള ബിസിനസ് പങ്കാളിത്തവും ഉന്നത നേതാക്കളുമായുള്ള അടുത്ത ബന്ധവുമുണ്ടായാല്‍ ഏതു ഗര്‍ഭവും അലസിപ്പിക്കാമെന്നും ഗര്‍ഭം പേറുന്നവരെ കൊന്നു കളയുമെന്ന് ഭീഷണി മുഴക്കാനും സാധിക്കുമെന്നാണ് ഇവരുടെ വിചാരം.
നിരവധി സംശുദ്ധരായ ചെറുപ്പക്കാര്‍ യൂത്ത് കോണ്‍ഗ്രസ്സില്‍ ഉണ്ടായിരിക്കെയാണ് രാഹുല്‍ മാങ്കൂട്ടത്തെ പാലക്കാട്ടേക്ക് കാളകെട്ടിച്ച് കൊണ്ടുവന്ന് തന്റെ പിന്‍ഗാമിയായി ശാഫി പറമ്പില്‍ വാഴിച്ചത്. മനുഷ്യരെന്ന നിലയില്‍ തെറ്റുകള്‍ പറ്റുക സ്വാഭാവികം. എന്നാല്‍ തെറ്റുകളും കടന്ന് ക്രൂരവൈകൃതങ്ങളില്‍ അഭിരമിക്കുന്ന ഒരാളെ എന്തിനാണ് പാലക്കാട് പോലുള്ള നല്ല മനുഷ്യര്‍ താമസിക്കുന്ന സ്ഥലത്തേക്ക് ശാഫി ആനയിച്ച് കൊണ്ടുവന്നത്? ചാരിറ്റിയുടെ മറവില്‍ ഇപ്പോള്‍ പോലും ലക്ഷങ്ങള്‍ വിഴുങ്ങുന്ന മാഫിയാ തലവനെ കേരള രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ തവനൂരില്‍ മല്‍സരിപ്പിച്ചതും ഇതേ ശാഫിയല്ലെ? ഏതെങ്കിലും ഒരു നല്ല ആളെ രാഷ്ട്രീയത്തില്‍ കുടിയിരുത്തിയ ഇന്നലെകള്‍ ശാഫിക്കുണ്ടോ? കൊടും ക്രിമിനലിസവും തനി തട്ടിപ്പും ജന്‍മനാ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന 'രാഷ്ട്രീയ ഭീകരന്‍മാരെ' പൊതുപ്രവര്‍ത്തനത്തിലേക്ക് എഴുന്നള്ളിച്ച ശാഫി പറമ്പില്‍, കേരള രാഷ്ട്രീയത്തിലെ മഹിതമായ കോണ്‍ഗ്രസ് പാരമ്പര്യത്തെയാണ് ദുര്‍ഗന്ധം വമിക്കുമാറ് മലീമസമാക്കി മാറ്റിയത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പിനു ശേഷം രാഹുല്‍ മാങ്കൂട്ടവുമൊത്ത് പി.കെ ഫിറോസ്, വിയറ്റ്‌നാമിലേക്ക് വിദേശയാത്ര നടത്തിയതായി ലീഗ് പ്രവര്‍ത്തകര്‍ തന്നെ ആരോപിക്കുന്നതില്‍ വല്ല സത്യവുമുണ്ടോ? പി.കെ ഫിറോസാണ് അക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത്. ലീഗ് നേതൃത്വം അറിഞ്ഞാണോ ഇത്തരമൊരു യാത്ര നടന്നിട്ടുണ്ടെങ്കില്‍ അത് സംഭവിച്ചിട്ടുണ്ടാവുക? യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് മാങ്കൂട്ടത്തിലിന്റെ കൂടെയുള്ള യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി ഫിറോസിന്റെ യാത്രയെ കുറിച്ച് വല്ലതും അറിയുമോ? ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ബാദ്ധ്യതപ്പെട്ടവര്‍ മൗനത്തിന്റെ ഇരുട്ടറകളില്‍ നിന്ന് പുറത്തു വന്ന് സംശയ നിവാരണം വരുത്തണം. അന്വേഷണ ഏജന്‍സികള്‍ ഇക്കാര്യങ്ങള്‍ കൂടി പരിശോധിച്ചാല്‍ നന്നാകും. രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും പി.കെ ഫിറോസിന്റെയും സാമ്പത്തിക വളര്‍ച്ചയുടെ പിന്നാമ്പുറ രഹസ്യങ്ങള്‍ക്ക് സാമ്യതകള്‍ ഏറെയാണ്.