
കോഴിക്കോട്: വയനാട് ദുരിത ബാധിതര്‍ക്ക് വീട് വെച്ച് നല്‍കാന്‍ മുസ്ലീം ലീഗ് ഭൂമി വാങ്ങിയത് സംബന്ധിച്ച് വലിയ തട്ടിപ്പ് നടന്നെന്ന് കെടി ജലീല്‍. വാങ്ങിയ ഭൂമിയുടെ തൊട്ടടുത്ത് നാലിലൊന്നുപോലും വിലയില്ലെന്ന് ജലീല്‍ ചൂണ്ടിക്കാട്ടുന്നു. ലീഗ് നേതാക്കളുടെ ബന്ധുക്കളില്‍ നിന്നും ഭൂമി വന്‍ തുക നല്‍കി വാങ്ങി. ദുരന്തത്തിനിരയായവര്‍ പെരുവഴിയിലാണെന്നതും അദ്ദേഹം ഓര്‍മിപ്പിച്ചു.
കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
വയനാട് ദുരിത ബാധിതര്‍ക്ക് വീട് വെച്ച് നല്‍കാന്‍ ഭൂമി വാങ്ങുന്നതിന് മുസ്ലിംലീഗുണ്ടാക്കിയ 'ഇമ്മിണി വലിയ സബ് കമ്മിറ്റി'യിലെ അംഗങ്ങളെ നോക്കിയാല്‍ അറിയാം എത്ര ലാഘവത്തോടെയാണ് ലീഗ് ഇത്തരം കാര്യങ്ങളെ കണ്ടതെന്ന്! പൊതുജനങ്ങളില്‍ നിന്ന് 40 കോടിയിലധികം രൂപ സര്‍ക്കാരിന്റെ വെല്ലുവിളിച്ച് ഉണ്ടാക്കിയിട്ടും സര്‍ക്കാര്‍ പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് ലീഗിന്റെ ഭവന സമുച്ഛയം തുടങ്ങാന്‍ പോലും കഴിയാത്തതിന് ലക്ഷക്കണക്കിന് മനുഷ്യരോടാണ് ലീഗ് മറുപടി പറയേണ്ടി വരിക!
പി.വി അബ്ദുല്‍ വഹാബ് എം.പി ഉള്‍പ്പടെ പ്രഗല്‍ഭരായ നിരവധി മുതിര്‍ന്ന ലീഗ് നേതാക്കള്‍ ഉണ്ടായിട്ടും ഭൂമി വാങ്ങാന്‍ ലീഗുണ്ടാക്കിയത് കത്വ- ഉന്നാവോ ഫണ്ട് മുക്കിയതിന്റെ പേരില്‍ കോടതിയുടെ അന്വേഷണം നേരിടുന്ന യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ള മൂന്ന് യൂത്ത് ലീഗ് ഭാരവാഹികളെയാണ്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ ഇസ്മായില്‍ വയനാട്, യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളും മുന്‍ ലീഗ് എം.എല്‍.എ ടി.പി.എം സാഹിറിന്റെ മകനുമായ ജിഷാന്‍ എന്നിവരാണവര്‍. ഇവരെ കൂടാതെ കമ്മിറ്റിയുടെ കണ്‍വീനറായി പി.കെ ബഷീറിനെയും അംഗമായി വയനാട് ജില്ലാ ലീഗ് സെക്രട്ടറി ടി മുഹമ്മദിനെയും കമ്മിറ്റി ചുമതലപ്പെടുത്തി.
ലീഗ് വാങ്ങിയ സ്ഥലത്തിന്റെ സമീപത്ത് ആധാരത്തില്‍ കാണിച്ച വിലയുടെ നാലിലൊന്ന് പോലും വിലയില്ലത്രെ. ഈ തട്ടിപ്പ് ഒരിക്കലും അംഗീകരിക്കാന്‍ ആവില്ലെന്ന നിലപാടിലാണ് ലീഗിലെ സാധാരണ പ്രവര്‍ത്തകര്‍. ലീഗ് വാങ്ങിയ ഭൂമിയുടെ ഉടമസ്ഥരില്‍ ഒരാള്‍ അഭിഭാഷകനാണ്. ഇദ്ദേഹം പ്രമുഖനായ ഒരു ലീഗ് നേതാവിന്റെ ഭാര്യയുടെ സ്വന്തം അമ്മാവനാണെന്നും ശ്രുതിയുണ്ട്. അദ്ദേഹത്തെ കൊണ്ടാണ് നിയമ പരിശോധന 'സബ് കമ്മിറ്റി' നടത്തിച്ചതെന്നും ആക്ഷേപമുണ്ട്.
വില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥന്‍ തന്നെ നിയമോപദേശകനായാല്‍ ഉണ്ടാകുന്ന എല്ലാ നൂലാമാലകളും സാദിഖലി തങ്ങളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത ഭൂമിക്കുണ്ടെന്നാണ് കേള്‍വി. ലീഗ് വാങ്ങിയ ഭൂമി തോട്ടഭൂമിയാണെന്ന പരാതിയെ തുടര്‍ന്ന് ലാന്‍ബോര്‍ഡ് വില്ലേജ് ഓഫീസറോട് വിശദീകരണം തേടിയിരുന്നു. വില്ലേജ് റെക്കോര്‍ഡില്‍ ''കാപ്പി' എന്നാണത്രെ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് സബ് കളക്ടര്‍ നാല് സ്ഥലമുടമകള്‍ക്ക് രേഖകള്‍ കൊണ്ടുവരാന്‍ പറഞ്ഞ് നോട്ടീസയച്ചിരിക്കുന്നത്. നാളെയാണ് ഹിയറിംഗ്. ഉടമസ്ഥരുടെ വാദം കേട്ട ശേഷം ഒറിജിനല്‍ രേഖകളും കൂടി പരിശോധിച്ച ശേഷമേ ഭൂമിയിന്‍മേലുള്ള വിവാദങ്ങള്‍ക്ക് അറുതിയാകൂ. അതിന് എത്ര സമയമെടുക്കുമെന്ന് പറയാനാവില്ല. അയലിന്‍മേല്‍ കിടക്കുന്ന ഈ ഭൂമി നാലിരട്ടി വില കൊടുത്ത് വാങ്ങി ലീഗിനെ ചതിക്കുഴിയില്‍ പെടുത്തിയവരെ വെറുതെ വിടരുത്.
വീടു നിര്‍മ്മാണത്തിന് ഏല്‍പ്പിച്ച കോണ്‍ട്രാക്ടര്‍ക്ക് റജിസ്‌ട്രേഷന്‍ കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും ഭൂമി കൈമാറാന്‍ സാധിക്കാത്തത് ഭൂമിയിലെ നിര്‍മ്മാണാനുമതിയെ സംബന്ധിച്ച തര്‍ക്കങ്ങളാണ്. അതെന്നു തീരുമെന്ന് ഇനിയും പറയാറായിട്ടില്ല. ലീഗിന്റെ വാക്ക് കേട്ട് സര്‍ക്കാറിന്റെ ടൗണ്‍ഷിപ്പില്‍ വീടും സ്ഥലവും വേണ്ടെന്ന് പറഞ്ഞ് 15 ലക്ഷം നഷ്ടപരിഹാരം വാങ്ങി പോന്ന നൂറ്റിമൂന്നോളം പേര്‍ പെരുവഴിയിലാക്കുന്ന മട്ടാണ്. സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് യുദ്ധകാലാടിസ്ഥാനത്തിലാണ് പുരോഗമിക്കുന്നത്. ഡിസംബറോടു കൂടി വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി പുനരധിവാസത്തിന്റെ ആദ്യഘട്ടം കഴിഞ്ഞ് നാടിന് സമര്‍പ്പിക്കാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് ഗവണ്‍മെന്‍്.
എന്നാല്‍ ലീഗിനെ വിശ്വസിച്ച് സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചവര്‍ കടത്തിണ്ണയില്‍ കിടക്കേണ്ടി വരുമോ എന്നാണ് ജനങ്ങളുടെ സംശയം? വയനാട് ദുരന്ത ബാധിതര്‍ക്ക് ലീഗിന്റെ മുന്‍കയ്യില്‍ ഉണ്ടാകുന്ന ഭവനങ്ങള്‍, ഗുജറാത്തില്‍ കലാപബാധിതര്‍ക്ക് ലീഗ് ഉണ്ടാക്കി നല്‍കിയ ഷീറ്റിട്ട ചോര്‍ന്നൊലിക്കുന്ന വീടുകള്‍ക്ക് സമാനമായവ ആകാതിരുന്നാല്‍ മഹാഭാഗ്യം!
സാദിഖലി തങ്ങളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത ഭൂമിയില്‍ നിര്‍മ്മിക്കുന്ന വീടുകളുടെ ഉടമസ്ഥാവകാശം നൂറോളം കുടുംബങ്ങള്‍ക്ക് എന്ന് പതിച്ചു നല്‍കാനാകുമെന്ന കാര്യത്തിലും ദുരൂഹത തുടരുകയാണ്! പുതിയ വിവാദത്തില്‍ മറുപടി പറയാന്‍ ബാദ്ധ്യസ്ഥരായവര്‍ ലീഗ് സംസ്ഥാന നേതൃത്വമാണ്. അല്ലാതെ വയനാട് ജില്ലാ ലീഗ് നേതാക്കളല്ല. പണം പിരിച്ചുവരും, സ്ഥലം വാങ്ങിയവരും തന്നെ ജനങ്ങളോട് സമാധാനം പറയണം. അല്ലെങ്കില്‍ ആകാശത്തു നിന്ന് ദൈവകോപം ലീഗ്ഹൗസിന്റെ മോന്തായം കടന്ന് ശീതീകരിച്ച റൂമിലിരിക്കുന്ന നേതൃനിരയുടെ തലയില്‍ പതിക്കും.