'സ്താനാർത്തി ശ്രീക്കുട്ടൻ' സിനിമയെ അഭിനന്ദിച്ച് മമ്മുട്ടി. സിനിമ കണ്ട ശേഷം അജു വര്‍ഗീസിന് വാട്‌സ്ആപ്പ് സന്ദേശം വഴിയാണ് അഭിനന്ദനം എത്തിയത്. സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ ഗംഭീരം' എന്നാണ് അജുവിന് മമ്മൂട്ടി സന്ദേശം അയച്ചിരിക്കുന്നത്.
ഒ.ടി.ടിയിൽ റിലീസ് ആയ ചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നതിനിടെയാണ് മമ്മൂട്ടി തന്നെ ചിത്രത്തെ പ്രശംസിച്ച് എത്തിയത്. മമ്മുട്ടിയുടെ വാട്‌സ്ആപ്പ് സന്ദേശത്തിന്‍റെ സ്ക്രീൻഷോട്ട് പങ്കുവെച്ച് സന്തോഷവും നന്ദിയും അരിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
സംവിധായകന്‍ വിനേഷ് വിശ്വനാഥിനെ അജു ആണ് വിവരം അറിയിച്ചത്. 'പറയാന്‍ വാക്കുകളില്ല. നന്ദി മമ്മൂക്ക' എന്ന കുറിപ്പോടെ വിനേഷ് വിശ്വനാഥൻ അജുവിന്റെ വാട്‌സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചു. സന്തോഷത്തിന്റെ കൊടുമുടിയിലാണ് തങ്ങളെന്ന് ഈ സ്ക്രീൻഷോട്ട് പങ്കുവച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനുമായ ആനന്ദ് മന്മഥനും കുറിച്ചു.
ബജറ്റ് ലാബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷാന്ത് കെ. പിള്ളൈ, മുഹമ്മദ് റാഫി എം.എ എന്നിവർ ചേർന്ന് നിർമിച്ച ചിത്രമാണിത്. അപ്പർ പ്രൈമറി ക്ലാസ്സിലെ രണ്ടു കുട്ടികളെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് 'സ്താനാർത്തി ശ്രീക്കുട്ടന്റെ' അവതരണം. ശ്രീരംഗ് ഷൈൻ' അഭിനവ് എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അജു വർഗീസ് ജോണി ആന്‍റണി, സൈജു ക്കുറുപ്പ്, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, രാഹുൽ നായർ, സന്തോഷ് വെഞ്ഞാറമൂട്, രാമചന്ദ്രൻ നായർ, രാജീവ് ഗംഗാമീരാ, ശ്രുതി സുരേഷ് എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുരളീകൃഷ്ണൻ, ആനന്ദ് മന്മഥൻ, കൈലാഷ്.എസ്. ഭവൻ, വിനേഷ് വിശ്വനാഥ് എന്നിവരുടേതാണു തിരക്കഥ.
ഈ സിനിമ വിദ്യാഭ്യാസ മേഖലയിൽ വലിയ സ്വാധീനം ചെലുത്തുന്ന കാഴ്ചക്കാണ് കേരളം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ‘സ്താനാർത്തി ശ്രീക്കുട്ടൻ’ എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പല വിദ്യാലയങ്ങളിലും ബാക്ക് ബെഞ്ച് ഒഴിവാക്കിയ എന്ന വാർത്തകൾ വന്നിരുന്നു. തമിഴ് നാട്ടിലും ബംഗാളിലും സ്കൂളുകളിൽ സിനിമ കണ്ടിട്ട് ഇത്തരത്തിൽ ക്ലാസ് റൂമുകൾ ക്രമീകരിച്ച വിവരം സന്തോഷത്തോടെ അണിയറപ്രവർത്തകർ പങ്കുവച്ചിരുന്നു