
കാലിഫോർണിയ: കണ്ടന്റ് കോപ്പിയടിയും സ്പാമിങും തടയുന്നതിന്റെ ഭാഗമായി മെറ്റ നീക്കം ചെയ്തത് ഒരു കോടി അക്കൗണ്ടുകൾ. യഥാർഥ കണ്ടന്റ് ക്രിയേറ്റർമാർക്ക് അർഹിക്കുന്ന സ്വീകാര്യത നൽകുന്നതിനും ഫേസ്ബുക്ക് പേജ് കൂടുതൽ ആധികരികമാക്കുന്നതിനുമാണ് ഈ നടപടി. യഥാർഥ കണ്ടന്റ് ക്രിയേറ്റർമാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി നടപടികളും മെറ്റ പ്രഖ്യാപിച്ചിട്ടുണ്ട്.
അനുവാദമില്ലാതെയോ എഡിറ്റുകൾ ഇല്ലാതെയോ മറ്റുള്ളവരുടെ ഉള്ളടക്കങ്ങൾ അഥവാ കണ്ടന്റ് എടുക്കുകയും പുനരുപയോഗം ചെയ്യുകയും ചെയ്യുന്ന അക്കൗണ്ടുകളെ ലക്ഷ്യം വെച്ചുള്ള നടപടിയാണിതെന്ന് മെറ്റ വ്യക്തമാക്കി. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയോ അല്ലാതെയോ ഉള്ളടക്കങ്ങള്‍ റീഷെയര്‍ ചെയ്യുന്നതിനെ ഞങ്ങള്‍ പിന്തുണക്കുന്നു. എന്നാല്‍ മറ്റുള്ളവരുടെ ഉള്ളടക്കങ്ങള്‍ അവരുടെ അനുമതി ഇല്ലാതെ ഫീഡില്‍ നേരിട്ട് പോസ്റ്റ് ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് മെറ്റ ബ്ലോഗ്പോസ്റ്റില്‍ വ്യക്തമാക്കി.
മറ്റുള്ളവരുടെ വിഡിയോകളും ചിത്രങ്ങളും കടപ്പാട് രേഖപെടുത്താതെ ഉപയോഗിക്കുന്നത് തടയുന്നതിനായി ശക്തമായ നടപടികളാണ് മെറ്റ സ്വീകരിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി 2025 ന്റെ തുടക്കം മുതൽതന്നെ സ്പാം അക്കൗണ്ടുകൾക്കെതിരെ മെറ്റ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
സ്പാം അക്കൗണ്ടുകൾ ഉള്ളടക്കം മോഷ്ടിക്കുകയും അത് യഥാർഥ കണ്ടന്റ് ക്രിയേറ്റർമാരുടെ അക്കൗണ്ടുകൾക്ക് ലഭിക്കുന്ന റീച്ച് കുറക്കുകയും ചെയ്യുന്നു. മറ്റു ക്രിയേറ്റർമാരുടെ കണ്ടന്റുകൾ മോഷ്ടിക്കുന്നവരുടെ ഫേസ്ബുക്ക് മോണിറ്റൈസേഷന് പ്രോഗ്രാമില്‍ നിന്ന് പുറത്താക്കുകയും അവരുടെ പോസ്റ്റുകളുട റീച്ച് കുറക്കുമെന്നും മെറ്റ മുന്നറിയിപ്പ് നല്കി.
മെറ്റയുടെ സംവിധാനം ഫേസ്ബുക്കിൽ കോപ്പിയടി വിഡിയോകൾ തിരിച്ചറിഞ്ഞാല്‍ യഥാർഥ സൃഷ്ടാക്കള്‍ക്ക് അവർ അർഹിക്കുന്ന റീച്ച് ലഭിക്കുന്നതിനായി ഡൂപ്ലിക്കേറ്റ് വിഡിയോയുടെ റീച്ച് കുറക്കുമെന്നും മെറ്റ അധികൃതര്‍ വിശദീകരിച്ചു. യഥാര്‍ഥ വിഡിയോയുടെ ലിങ്ക് ഡ്യൂപ്ലിക്കേറ്റ് വിഡിയോകള്‍ക്കൊപ്പം പ്രദര്‍ശിപ്പിക്കുന്ന രീതി പരീക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും മെറ്റയുടെ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. ഇത് നിലവില്‍ വന്നാല്‍ ഓരോ വീഡിയോയുടെയും താഴെ ഒറിജിനൽ ബൈ എന്ന ഡിസ്ക്ലൈമര്‍ കാണാനാകും