ലാലു പ്രസാദ് യാദവ് ആശുപത്രിയിൽ

02:35 PM Apr 03, 2025 | Neha Nair

പട്ന : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ബിഹാർ മുൻ മുഖ്യമ​ന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിനെ(76) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിച്ച് ആരോഗ്യനില മോശമായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹിയിലേക്കു പോകാൻ പട്ന വിമാനത്താവളത്തിലെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായത്. തുടർന്ന് പാറാസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് എയർ ആംബുലൻസിൽ ഡൽഹി എയിംസിലേക്ക് മാറ്റുകയും ചെയ്തു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമായി കൂടിയത് അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിച്ചതായി ഡോക്ടർമാർ പറഞ്ഞു. ഹൃദയ സംബന്ധമായ അസുഖങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. കഴിഞ്ഞ വർഷം മുംബൈയിലെ ഏഷ്യൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. 2014ൽ ഇതേ ആശുപത്രിയിൽ വെച്ചു തന്നെ അയോർട്ടിക് വാൽവ് മാറ്റിസ്ഥാപിക്കാനുള്ള ശസ്ത്രക്രിയയും നടത്തി. ശസ്ത്രക്രിയയെ തുടർന്ന് ആരോഗ്യനില മോശമായതിനെ തുടർന്ന് അതേ വർഷം ജൂലൈയി​ൽ അദ്ദേഹത്തെ എയിംസിലേക്ക് മാറ്റുകയും ചെയ്തു. 2022ൽ സിംഗപ്പൂരിൽ വെച്ച് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്കും വിധേയനായിരുന്നു.