ഇന്ത്യൻ സ്‍മാർട്ട്ഫോൺ ബ്രാൻഡായ ലാവ, 5000 എംഎഎച്ച് ബാറ്ററി ഉൾപ്പെടെ ആകർഷകമായ സവിശേഷതകളുള്ള ബജറ്റ്-ഫ്രണ്ട്‌ലി സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചു. ആദ്യമായി സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവർക്കും ബജറ്റ് അവബോധമുള്ള ഉപഭോക്താക്കൾക്കും വേണ്ടി പ്രത്യേകം അവതരിപ്പിച്ചിരിക്കുന്നതാണ് ഈ ഫോൺ. ഈ ഫോണിൻറെ പിൻ പാനൽ ഐഫോൺ 16-ൻറേതിന് സമാനമാണ്. ഇത് പ്രീമിയം അനുഭവം നൽകുന്ന ഒരു ഗ്ലോസി ഫിനിഷ് നൽകുന്നു. ലാവ യുവ സ്റ്റാർ 2 എന്ന് വിളിക്കപ്പെടുന്ന ഈ സ്മാർട്ട്‌ഫോണിന് പിന്നിൽ രണ്ട് ക്യാമറകളുണ്ട്.
ലാവ യുവ സ്റ്റാർ 2 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഒറ്റ കോൺഫിഗറേഷനിൽ ലഭ്യമാണ്. അതിൻറെ വില വെറും 6,499 രൂപ മാത്രമാണ്. റേഡിയൻറ് ബ്ലാക്ക്, സ്പാർക്കിംഗ് ഐവറി എന്നിങ്ങനെ രണ്ട് ആകർഷകമായ നിറങ്ങളിൽ ഈ സ്‍മാർട്ട് ഫോൺ എത്തുന്നു. കൂടാതെ, റാം 8 ജിബിയിലേക്ക് വികസിപ്പിക്കാനും മൈക്രോ എസ്ഡി കാർഡ് വഴി ഇൻറേണൽ സ്റ്റോറേജ് വർധിപ്പിക്കാനും കഴിയും. ഇത് ആപ്പുകൾക്കും മീഡിയയ്ക്കും കൂടുതൽ സ്റ്റോറേജ് സ്‍പേസ് നൽകുന്നു.
ദൈനംദിന ഉപയോഗത്തിന് വലുതും വ്യക്തവുമായ കാഴ്ചാനുഭവം വാഗ്ദാനം ചെയ്യുന്ന 6.75 ഇഞ്ച് എച്ച്‌ഡി+ ഡിസ്‌പ്ലേയാണ് ലാവ യുവ സ്റ്റാർ 2-ൽ ഉള്ളത്. വലിയ സ്‌ക്രീൻ വലിപ്പമുള്ള ഈ ഫോൺ വീഡിയോകൾ കാണുന്നതിനും സോഷ്യൽ മീഡിയ സ്ക്രോൾ ചെയ്യുന്നതിനും വെബ് ബ്രൗസിംഗിനും നല്ലൊരു ഓപ്ഷനായിരിക്കും. ഒക്ടാ-കോർ യുണിസോക് പ്രൊസസറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ലാവ യുവ സ്റ്റാർ 2 നാല് ജിബി റാമുമായാണ് വരുന്നത്. ഇത് 4 ജിബി വെർച്വൽ റാം വഴി മൊത്തം 8 ജിബി വരെ വികസിപ്പിക്കാം. ഇതിനുപുറമെ, 64 ജിബി ഇന്റേണൽ സ്റ്റോറേജ് നൽകിയിട്ടുണ്ട്, ഇത് മൈക്രോ എസ്ഡി കാർഡ് വഴി കൂടുതൽ വികസിപ്പിക്കാൻ കഴിയും. ഈ ഫോൺ LPDDR4X റാമിനെ പിന്തുണയ്ക്കുന്നു.
ലാവ യുവ സ്റ്റാർ 2 സ്മാർട്ട്‌ഫോൺ ആൻഡ്രോയ്‌ഡ് 14 'ഗോ' ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ് എത്തുന്നത്. എൻട്രി ലെവൽ, ബജറ്റ് സ്മാർട്ട്‌ഫോണുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഭാരം കുറഞ്ഞതും ഒപ്റ്റിമൈസ് ചെയ്തതുമായ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആൻഡ്രോയ്‌ഡ് ഗോ എഡിഷൻ. ഫോണിൻറെ പ്രകടനം സുഗമമായി നിലനിർത്തുന്നതിനു പുറമേ സ്റ്റോറേജും ബാറ്ററിയും മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും ഇത് സഹായിക്കുന്നു. കുറഞ്ഞ ബൂട്ട് സമയം, കുറഞ്ഞ ഡാറ്റ ഉപഭോഗം, വേഗത്തിലുള്ള ആപ്പ് ലോഞ്ചിംഗ് തുടങ്ങിയ ആനുകൂല്യങ്ങൾ ഇത് വാഗ്ദാനം ചെയ്യുന്നു.
ഫോട്ടോഗ്രാഫിക്കായി, ഈ ഫോണിന് 13 എംപി എഐ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമുണ്ട്. കൂടാതെ, സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി 5 എംപി മുൻ ക്യാമറ ലഭ്യമാണ്. എഐ ഫീച്ചറുകളുടെ സഹായത്തോടെ മികച്ച ഫോട്ടോ നിലവാരം ലഭ്യമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ സ്മാർട്ട്‌ഫോണിന് 5000 എംഎഎച്ചിൻറെ വലിയ ബാറ്ററിയുണ്ട്, ഇത് ഉപകരണത്തിന് ദീർഘനേരം പവർ നൽകുമെന്ന് അവകാശപ്പെടുന്നു. 10 വാട്സ് ചാർജിംഗ് സപ്പോർട്ടും ടൈപ്പ്-സി പോർട്ടും ഇതിലുണ്ട്, ഇത് ബാറ്ററി ചാർജ് ചെയ്യുന്നത് എളുപ്പമാക്കുന്നു.