ഒടിടിയിലും മുന്നേറി ‘ലോക: ചാപ്റ്റർ 1 ചന്ദ്ര’

07:42 PM Nov 01, 2025 | Neha Nair

മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ട്, കല്യാണി പ്രിയദർശൻ ടൈറ്റിൽ കഥാപാത്രമായെത്തിയ സൂപ്പർഹീറോ ചിത്രം ‘ലോക: ചാപ്റ്റർ 1 ചന്ദ്ര’ ഇപ്പോൾ ഒടിടിയിലും പ്രദർശനത്തിനെത്തിയിരിക്കുകയാണ്. വൻ വിജയത്തിന് ശേഷം ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഒരു നായികയെ കേന്ദ്രകഥാപാത്രമാക്കി മലയാളത്തിൽ ആദ്യമായി ഒരു സൂപ്പർഹീറോ ഫ്രാഞ്ചൈസിക്ക് തുടക്കം കുറിച്ചു എന്നതുതന്നെ ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. വലിയ പ്രീ-റിലീസ് പബ്ലിസിറ്റിയില്ലാതെ ഓഗസ്റ്റ് 28-ന് ഓണം റിലീസായെത്തിയെങ്കിലും, ആദ്യ ദിനം തന്നെ ‘മസ്റ്റ് വാച്ച്’ അഭിപ്രായം നേടിയതോടെ ‘ലോക’ പിന്നീട് ഒരു ചരിത്രമായി മാറി.

നായികാ പ്രാധാന്യമുള്ള ഒരു ചിത്രം തെന്നിന്ത്യയിൽ 100 കോടി ക്ലബ്ബിൽ ഇടം നേടുന്നത് ഇതാദ്യമായിട്ടായിരുന്നു. ‘ലോക’ ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 300 കോടി രൂപയിലധികം നേടി മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറി. 63 ദിവസങ്ങൾ കൊണ്ട്, സാക്നിൽകിന്റെ കണക്കനുസരിച്ച്, ഇന്ത്യയിൽ നിന്ന് 156.73 കോടി നെറ്റ് കളക്ഷനും, വിദേശത്ത് നിന്ന് 119.9 കോടി ഗ്രോസ് കളക്ഷനുമുൾപ്പെടെ ആകെ 303.57 കോടിയാണ് ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ.