മൃത്യുഞ്ജയേശ്വരനായി ശിവൻ കുടികൊള്ളുന്ന ക്ഷേത്രം .വിദേശികളടക്കം ധാരാളം ഭക്തജനങ്ങൾ തേടിയെത്തുന്ന തൊടീക്കളം ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത് കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ കണ്ണവത്ത് നിന്നും രണ്ട് കിലോമീറ്റർ മാറിയാണ്.
പരമശിവൻ നൃത്തം ചെയ്ത ചുടലക്കളം ലോപിച്ച് തൊടീക്കളമായി മാറിയെന്നാണ് വിശ്വാസം. ഗണപതി, ധർമ്മ ശാസ്താവ്, നാഗങ്ങൾ, ബ്രഹ്മരക്ഷസ് എന്നിവയാണ് ഇവിടുത്തെ ഉപദേവതമാർ. ഏത് ആഗ്രഹവും സഫലമാകാൻ ഇവിടെ രുദ്രാഭിഷേകം നടത്തിയാൽ മതിയെന്നാണ് വിശ്വാസം.
ചുവർ ചിത്രകലയിലും പ്രശസ്തമാണ് ഈ ക്ഷേത്രം. കേരള പുരാവസ്തു വകുപ്പിന്റെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രമാണ്. ചിത്രങ്ങളിൽ ഭൂരിഭാഗവും ശിവന്റെയും വിഷ്ണുവിന്റെയും പുരാണങ്ങളുമായി ബന്ധപ്പെട്ടവയാണ്. അനവധി കൽപ്പടവുകൾ ഉള്ള ഒരു കുളം ക്ഷേത്രത്തിനു സമീപത്തായി കാണാം.
വളരെ വിശേഷമാണ് ഇവിടുത്തെ മൃത്യുഞ്ജയ ഹോമം. ഇവിടെ വന്ന് പ്രാർത്ഥിക്കുകയും മൃത്യുഞ്ജയ ഹോമം നടത്തുകയും ചെയ്താൽ ഏത് വലിയ രോഗത്തിൽ നിന്ന് മോചനം ലഭിച്ച് ദീർഘായുസ്സ് ലഭിക്കുമെന്നാണ് വിശ്വാസം .ഇവിടുത്തെ പ്രധാന വഴിപാടുകൾ രുദ്രാഭിഷേകം, മൃത്യുഞ്ജയ ഹോമം, ശങ്കാഭിഷേകം, നെയ് വിളക്ക്, പുഷ്പാഞ്ജലി, സർപ്പബലി, ധാര, പിൻവിളക്ക് എന്നിവയാണ്.
രണ്ട് നിലകളിലായുള്ള ചതുര ശ്രീകോവിൽ ചെമ്പു മേഞ്ഞതാണ്. കുംഭമാസത്തിലെ ശിവരാത്രിയും ധനുമാസത്തിലെ തിരുവാതിരയും എല്ലാ പ്രദോഷവും സംക്രമ ദിവസവും ഇവിടെ വിശേഷമാണ്. മാസത്തിലെ മണ്ഡലകാലവും ഭംഗിയായി കൊണ്ടാടുന്നു.
പതിനാറാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചതെന്ന് കരുതപ്പെടുന്നു. പഴശ്ശിരാജ കുടുംബവുമായി ഈ ക്ഷേത്രത്തിനു ബന്ധമുണ്ട്. ഇവിടത്തെ ചുമർചിത്രങ്ങൾ ജൈവച്ചായക്കൂട്ടുകൾ ഉപയോഗിച്ച് വരച്ചതാണ്. കൽപ്പടവുകൾ അനവധിയുള്ള ഒരു കുളം ക്ഷേത്രത്തിനു സമീപത്തായിട്ടുണ്ട്. ക്ഷേത്രമുറ്റത്തുള്ള കൊടിമരത്തിന്റെ തറമാത്രമേ ഇന്നു നിലനിൽക്കുന്നുള്ളൂ. മതിൽക്കെട്ടുകൾ എല്ലാം തന്നെ ചെങ്കല്ലിൽ തീർത്തതാണ്