ചേര്‍ത്തല: ആലപ്പുഴയിൽ എൽപി സ്കൂൾ പ്രഥമാധ്യാപകനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കഞ്ഞിക്കുഴി പഞ്ചായത്ത് പതിമൂന്നാം വാർഡിൽ അത്തിക്കാട്ട് വാസുദേവൻ്റെ മകൻ വി. സന്തോഷിനെ (53) ആണ് ടൗണ്‍ എല്‍പി സ്കൂളിന് കിഴക്കുള്ള വാടക കെട്ടിടത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാകുളം ഗവ. യു പി സ്കൂളിലെ പ്രഥമാധ്യാപകനും കെഎസ്ടിഎ ജില്ലാ ജോയിന്‍റ് സെക്രട്ടറിയുമാണ് മരിച്ച സന്തോഷ്.
തിങ്കളാഴ്ച സന്തോഷ് സ്കൂളില്‍ എത്തിയിരുന്നില്ല. ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. ഇതോടെ സഹഅധ്യാപകര്‍ വൈകിട്ട് മൂന്ന് മണിയോടെ സന്തോഷിന്‍റെ താമസസ്ഥലത്ത് എത്തി. മുറിയുടെ വാതില്‍ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ജനല്‍ തുറന്നു നോക്കിയപ്പോള്‍ കട്ടിലില്‍ കിടക്കുന്ന അവസ്ഥയിലാണ് കണ്ടത്. ഉടന്‍തന്നെ വാതില്‍പൊളിച്ചു അകത്തുകടന്നപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ചേര്‍ത്തല പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചേര്‍ത്തല പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. അമ്മ: രാജമ്മ. ഭാര്യ: ലിജിമോൾ (ചേർത്തല ഗവൺമെൻ്റ് സർവൻ്റ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക്). മക്കൾ: മഹാദേവൻ, പ്രിയനന്ദൻ.