വിനോദ സഞ്ചാരികളെ ഏതു കാലത്തും ആകർഷിക്കുന്ന ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് മാടായിപ്പാറ.ഓരോ സീസണിലും ചടുലമായ നിറങ്ങളുടെ തനതായ കഥകൾ വിവരിക്കുന്നു. ഈ മനോഹരമായ ഭൂപ്രകൃതി നിറങ്ങളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു. മഴ ഈ സ്ഥലത്തെ പച്ച പുതപ്പിൽ മൂടുമ്പോൾ, വേനൽക്കാലം സൂര്യന്റെ ഷേഡുകൾ കൊണ്ടുവരുന്നു, വസന്തം അതിനെ നീലക്കടലാക്കുന്നു.
പഴയങ്ങാടിപ്പുഴയുടെ തെക്കുഭാഗത്തായി കുന്നിൻ മുകളിലായി സ്ഥിതി ചെയ്യുന്ന ഒരു കോട്ട. മാടായി കോട്ട തെക്കിനിക്കൽ കോട്ട, ധാരികൻ കോട്ട എന്നിങ്ങനെ അറിയപ്പെടുന്ന ചരിത്ര പ്രാധാന്യവും കഥയും ഉൾക്കൊള്ളുന്ന ഒരിടം. വർഷങ്ങൾക്ക് മുൻപ് ഇവിടം ഭരിച്ചിരുന്ന മൂഷിക രാജവംശത്തിലെ വല്ലഭൻ രാജാവ് പണികഴിപ്പിച്ച കോട്ടയാണ് ഇതെന്നാണ് ചരിത്ര നിരീക്ഷകർ പറയുന്നത്.
1765-68 കാലഘട്ടത്തിൽ ഹൈദരലിയുടെയും കോലത്തുരാജാവിന്റെയും സൈന്യങ്ങൾ ഏറ്റുമുട്ടിയത് ഇതിന് സമീപമുള്ള പാളയം ഗ്രൗണ്ടിലാണ്. അനേകം യുദ്ധങ്ങൾക്കും ചരിത്രസംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച കോട്ട പിന്നീട് തകരുകയായിരുന്നു.
ആറു ഗോപുരങ്ങളും നടുവിലായി നിരീക്ഷണ ഗോപുരവുമുള്ള രൂപമായിരുന്നു കോട്ടക്ക്. ഗോപുരങ്ങൾ മുൻപേ നശിച്ചു കഴിഞ്ഞെങ്കിലും അതിന്റെ അടിത്തറകൾ മാത്രമായിരുന്നു ബാക്കിയായത്. ഉള്ളിലായി ആഴമേറിയ മൂന്നു കിണറുകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. പിൽക്കാലത്ത് വിവിധ പ്രകൃതി ക്ഷോഭങ്ങളിൽ കോട്ടക്ക് കേടുപാടുകൾ സംഭവിച്ചു മുക്കാൽ ഭാഗവും ഇല്ലാതായി.
സമീപത്ത് വേറെയും ചില കോട്ടകൾ ഉണ്ടായിരുന്നുവെങ്കിലും അവയെല്ലാം കാലക്രമേണ അവശിഷ്ടങ്ങൾ പോലുമില്ലാത്ത രീതിയിൽ നശിച്ചു കഴിഞ്ഞു.പുരാതന ജൂത കുടിയേറ്റക്കാരുടെ അവശിഷ്ടങ്ങളായ ഒരു ജൂത കുളവും ഇവിടെയുണ്ട്.ചരിത്രം ഇങ്ങനെയൊക്കെയാണെങ്കിലും മാടായിയിലെത്തുന്ന പലർക്കും ഇങ്ങനെയൊരു കോട്ടയുണ്ടെന്നത് അറിയില്ലെന്നതാണ് സങ്കടകരമായ കാര്യം