ചെന്നൈ: സ്ഥാപനങ്ങളിൽ ജീവനക്കാരെ ദ്രോഹിക്കുന്ന സ്ഥലംമാറ്റങ്ങൾ ഭരണഘടനാവിരുദ്ധമാണെന്ന് മദ്രാസ് ഹൈക്കോടതി. ജീവനക്കാരന്റെ ആരോഗ്യമോ കുടുംബത്തിന്റെ ആവശ്യങ്ങളോ സുരക്ഷാ ആശങ്കകളോ അവഗണിക്കുന്ന സ്ഥലംമാറ്റം അന്യായമാണെന്നും മനുഷ്യന്റെ അന്തസ്സിനുള്ള അവകാശം ഉറപ്പുനൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്റെ ലംഘനമാകുമെന്നും ഹൈകോടതി വ്യക്തമാക്കി.
യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയിലെ സ്ഥലംമാറ്റ സർക്കുലറിനെ ചോദ്യം ചെയ്ത് ഓൾ ഇന്ത്യ യൂനിയൻ ബാങ്ക് ഓഫിസർ സ്റ്റാഫ് അസോസിയേഷൻ സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണങ്ങൾ. സ്ഥലംമാറ്റങ്ങൾ യാന്ത്രികമായോ ഭാരം അടിച്ചേൽപ്പിക്കുന്ന രീതിയിലോ നടപ്പാക്കാനാകില്ല. സ്ഥാപനത്തിന്റെ ഭരണപരമായ ആവശ്യകതക്കും ജീവനക്കാരന്റെ ക്ഷേമത്തിനും ഇടയിൽ സന്തുലിതാവസ്ഥ വേണം. പ്രത്യേകിച്ച് വനിതാ ജീവനക്കാരുടെ കാര്യത്തിൽ.
യൂനിയൻ ബാങ്കിലെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട മുഴുവൻ സർക്കുലറുകളും റദ്ദാക്കാൻ കോടതി തയാറായില്ല. അത്തരം നയങ്ങൾ ജീവനക്കാരെ, പ്രത്യേകിച്ച് സ്ത്രീകളെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ എട്ടു നിർദേശങ്ങൾ പുറപ്പെടുവിച്ചു.
സ്ഥലംമാറ്റുന്ന ജീവനക്കാർക്കായി കൗൺസിലിങ് സെന്ററുകളും ആരോഗ്യ സംഘത്തെയും സജ്ജമാക്കാൻ നിർദേശിച്ചു. ജീവനക്കാരന് വീട്ടിൽ പോകാൻ പ്രോത്സാഹനം നൽകണം. അച്ചടക്ക നടപടിയുടെ ഭീഷണിയില്ലാതെ കുറഞ്ഞത് 20 ദിവസത്തെ ജോയിനിങ് സമയം അനുവദിക്കണം. സ്ത്രീകൾക്ക് ഭൂരിപക്ഷമുള്ള പരാതിപരിഹാര സെൽ സ്ഥാപിക്കണം. കേന്ദ്ര സർക്കാറിന്റെ 2014ലെയും 2024ലെയും മാർഗനിർദേശങ്ങൾ പരിഗണിക്കണം. നിർണായകമായ അക്കാദമിക് ഘട്ടത്തിലുള്ള കുട്ടികളുള്ള ജീവനക്കാരെ സ്ഥലംമാറ്റത്തിൽനിന്ന് ഒഴിവാക്കുന്നത് പരിഗണിക്കണം.
സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ ബാങ്കിനോട് കോടതി ആവശ്യപ്പെട്ടു. അത്തരം പ്രശ്നങ്ങൾ ആവർത്തിക്കുന്നത് തടയണം. ഹരജിയിൽ പരാമർശിച്ച സ്ത്രീകൾക്കെതിരായ അച്ചടക്ക നടപടി പിൻവലിക്കാനും കോടതി ആവശ്യപ്പെട്ടു.