+

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം; ഡോ. കെ. പ്രതിഭയുടെ ഹർജിയിൽ ആരോഗ്യ വകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

മലപ്പുറം താനൂർ സ്വദേശിയും ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസറുമായ ഡോ. കെ. പ്രതിഭയുടെ ഹർജിയിലെ ഗൗരവം നിരീക്ഷിച്ച ശേഷമാണ് റിപ്പോർട്ട് തേടിയത്.  മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറോട് സംഭവത്തിൽ വിശദ റിപ്പോർട്ട് സമർപ്പിക്കുവാൻ ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ നിർദ്ദേശിച്ചു.

മലപ്പുറം : വീട്ടിലെ പ്രസവത്തെ തുർന്ന് യുവതി മരിച്ച സംഭവത്തിൽ ഡോ. കെ. പ്രതിഭ നൽകിയ ഹർജിയിലെ ഗൗരവം പരിഗണിച്ച് ആരോഗ്യ വകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി.  മലപ്പുറം താനൂർ സ്വദേശിയും ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസറുമായ ഡോ. കെ. പ്രതിഭയുടെ ഹർജിയിലെ ഗൗരവം നിരീക്ഷിച്ച ശേഷമാണ് റിപ്പോർട്ട് തേടിയത്.  മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറോട് സംഭവത്തിൽ വിശദ റിപ്പോർട്ട് സമർപ്പിക്കുവാൻ ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ നിർദ്ദേശിച്ചു.

വീട്ടിലെ പ്രസവങ്ങളിലെ അപകടങ്ങൾ ചൂണ്ടി കാട്ടിയാണ് ഡോ. കെ. പ്രതിഭ ഹർജി സമർപ്പിച്ചത്.  അമ്മയ്ക്കും കുഞ്ഞിനും ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും മറ്റും ഹർജിയിലുണ്ട്.  സംസ്ഥാനത്ത് വീട്ട് പ്രസവങ്ങളുടെ വർദ്ധനവ് സംബന്ധിച്ച് ഹൈക്കോടതി അഭിഭാഷകനായ അഡ്വ. കുളത്തൂർ ജയ്‌സിങിന് സർക്കാർ നൽകിയ വിവരാവകാശ മറുപടിയിൽ മലപ്പുറം ജില്ലയിലെ വർദ്ധിച്ച വീട്ട് പ്രസവങ്ങളുടെ കണക്കുകൾ പുറത്ത് വന്നിരുന്നു.  പ്രസ്തുത രേഖകളും ഡോ. കെ. പ്രതിഭ ഹർജിയിൽ ഉൾപ്പെടുത്തി കോടതിയ്ക്ക് കൈമാറി.

ഹർജിയിൽ വിശദീകരണം നൽകുവാൻ സർക്കാർ സാവകാശം തേടിയിരുന്നു.  ഇതിനിടെയാണ് പെരുമ്പാവൂർ സ്വദേശിനിയായ അസ്മ ഏപ്രിൽ അഞ്ചിന് മലപ്പുറത്ത് ഭർത്താവിന്റെ വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് മരണപ്പെട്ടത്.  ഇത് സംബന്ധിച്ച വസ്തുതകൾ ഉപ ഹർജിയിലൂടെ ഡോ. കെ. പ്രതിഭ കോടതിയിൽ സമർപ്പിച്ചു.  ഉപ ഹർജി അനുവദിച്ച കോടതി ഡോ. കെ .  പ്രതിഭയുടെ വാദത്തിലെ ഗൗരവം നിരീക്ഷിച്ച ശേഷമാണ് ആരോഗ്യ വകുപ്പിനോട് റിപ്പോർട്ട് തേടിയത്.  ഹർജി ഭാഗത്തിനായി അഡ്വ. ആർ. ഗോപൻ ഹാജരായി.

facebook twitter