മലപ്പുറം : എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഉടമകളായ 12 പേർ നൽകിയ പരാതിയിൽ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ വർഷങ്ങളായി അക്കൗണ്ട് ഉള്ളവരാണ് പരാതിക്കാർ. ബാങ്കിൽ നിന്നും ക്രെഡിറ്റ് കാർഡ് ലഭിക്കാൻ അർഹതയുള്ളവരാണെന്നും ബാങ്കിൽ വരണമെന്നുമുള്ള നിരന്തരമായ ഫോൺ വിളിയെത്തുടർന്ന് ക്രെഡിറ്റ് കാർഡ് ആവശ്യമില്ലാത്തവർ പോലും ക്രെഡിറ്റ് കാർഡിനായി ബാങ്കിലെത്തി ബാങ്ക് മാനേജരുടെ നിർദ്ദേശപ്രകാരം ക്രെഡിറ്റ് കാർഡ് സർവീസ് നൽകുന്ന കൗണ്ടർ മുഖേന അപേക്ഷ നൽകി. തുടർന്ന് കാർഡ് ആവശ്യമില്ലാത്തവരും ക്രെഡിറ്റ് കാർഡ് അക്കൗണ്ടിലൂടെ അധികമായി പണം പോകുന്നു എന്ന് കണ്ടെത്തിയവരും കാർഡ് ക്യാൻസൽ ചെയ്ത് കിട്ടുന്നതിനായി ബാങ്കിനെ സമീപിച്ചു. ക്രെഡിറ്റ് കാർഡ് സെക്ഷൻ ചുമതല വഹിക്കുന്ന സ്റ്റാഫിനെ കാണുന്നതിനാണ് നിർദ്ദേശിച്ചത്.
ബാങ്കിൽ നിന്നും നിർദ്ദേശിച്ച എല്ലാ വിവരങ്ങളും പരാതിക്കാർ നൽകുകയും പരാതിക്കാരുടെ കാർഡ് ക്യാൻസൽ ചെയ്തു എന്നായിരുന്നു ക്രെഡിറ്റ് കാർഡ് ചുമതയുള്ള ബാങ്ക് സ്റ്റാഫ് പരാതിക്കാരോട് പറഞ്ഞത്. എന്നാൽ തുടർന്നും പരാതിക്കാരുടെ അക്കൗണ്ടിൽ നിന്നും പരാതിക്കാർ അറിയാതെ പണം നഷ്ടപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് ക്രെഡിറ്റ് കാർഡ് ജീവനക്കാരനായി പ്രവർത്തിച്ചയാൾ നിരവധി പേരുടെ കാർഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായി പരാതിക്കാർ മനസ്സിലാക്കിയത്. എസ്.ബി.ഐ കാർഡ് അക്കൗണ്ടിലേക്ക് കുടിശ്ശിക അടക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പരാതിക്കാർക്ക് നോട്ടീസും ലഭിക്കുകയുണ്ടായി, തുടർന്നാണ് പരാതിക്കാർ ഉപഭോക്തൃ കമ്മീഷന് പരാതി നൽകിയത്.
അന്യായമായി അക്കൗണ്ടിൽ നിന്നും എടുത്തു മാറ്റിയ തുക തിരിച്ചു നൽകണമെന്നും പരാതിക്കാർ ഉപയോഗിച്ചിട്ടില്ലാത്ത കാർഡിന്റെ പേരിൽ പണം അടയ്ക്കാൻ പരാതിക്കാർക്ക് ബാധ്യതയില്ലെന്നും ഉചിതമായ നഷ്ടപരിഹാരം വേണം എന്നും ഹർജിയിൽ ആവശ്യപ്പെട്ടു. എസ്.ബി.ഐ കാർഡ് ആൻഡ് പെയ്മെന്റ് സർവീസസ് ലിമിറ്റഡും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ക്രെഡിറ്റ് കാർഡ് സ്റ്റാഫും കമ്മീഷനിൽ ഹാജരായി ആരോപണങ്ങൾ നിഷേധിച്ചു. എസ്.ബി.ഐയും ക്രെഡിറ്റ് കാർഡും തമ്മിൽ ബന്ധമില്ലെന്നും രണ്ടും വ്യത്യസ്തമായ കമ്പനികൾ ആണെന്നും ക്രെഡിറ്റ് കാർഡിന്റെ വീഴ്ചയ്ക്ക് ബാങ്കിന് ഉത്തരവാദിത്തമില്ലെന്നും എസ്.ബി.ഐ കമ്മീഷനിൽ വാദിച്ചു.
എസ്.ബി.ഐ കാർഡിന്റെ ജീവനക്കാരൻ ആയിരുന്നില്ല തട്ടിപ്പ് നടത്തിയ ദലീൽ എന്നും റാൻഡ് സ്റ്റഡ് സ്ഥാപനത്തിന്റെ ജീവനക്കാരനായിരുന്നു എന്നും വീഴ്ചയ്ക്ക് എസ്.ബി.ഐ കാർഡിന് ബാധ്യത ഇല്ലെന്നും കമ്മീഷനിൽ ബോധിപ്പിച്ചു. ദലീൽ മുഖേന 40 ക്രെഡിറ്റ് കാർഡ് ക്രമക്കേടുകൾ കണ്ടെത്തുകയും അന്വേഷണത്തിൽ ആറ് പരാതികൾ ശരിയെന്ന് കണ്ടെത്തി പരിഹരിക്കാൻ തീരുമാനിച്ചുവെന്നും ശേഷിക്കുന്ന 34 പരാതികളിൽ പരാതിക്കാരുടെ വീഴ്ച കാരണം പണം നഷ്ടപ്പെട്ടതിനാൽ പരിഹരിക്കാൻ ആയില്ലെന്നും ക്രെഡിറ്റ് കാർഡ് ബോധിപ്പിച്ചു. പണം നഷ്ടപ്പെട്ടവർ പോലീസിൽ പരാതി നൽകിയും ദലീലിന്റെ ആസ്തികൾ കണ്ടുകെട്ടിയും പണം വീണ്ടെടുക്കാൻ നടപടി സ്വീകരിക്കണമെന്നും വാദിച്ചു.
പരാതി അടിസ്ഥാന രഹിതമാണെന്നും താൻ എസ്ബിഐ ക്രെഡിറ്റ് കാർഡിന്റെ ജീവനക്കാരൻ മാത്രമാണെന്നും ആണ് ദലീൽ ബോധിപ്പിച്ചത്. പരാതിക്കാരും എതിർകക്ഷികളും ഹാജരാക്കിയ രേഖകൾ പരിശോധിച്ച കമ്മീഷൻ എതിർകക്ഷികളുടെ വാദങ്ങൾ നിരാകരിച്ചു. എസ്.ബി.ഐ കാർഡ്സും എസ്.ബി.ഐയും രണ്ട് കമ്പനികൾ ആണെങ്കിലും ഒരു കാര്യത്തിനായി ഒന്നിച്ച് പ്രവർത്തിക്കുന്നവരാണ് എന്ന് കമ്മീഷൻ കണ്ടെത്തി. എസ്.ബി.ഐ കാർഡ്സിന്റെ രൂപകല്പന തന്നെ ഇന്ത്യയ്ക്ക് അകത്തും പുറത്തും പ്രവർത്തിക്കുന്ന എസ്.ബി.ഐ ബ്രാഞ്ചുകളിൽ പ്രൊഡക്ട് സർവീസ് സെന്ററുകൾ ആക്കി മാറ്റുന്നതാണെന്ന് വ്യക്തമാക്കി. രണ്ടു സ്ഥാപനത്തിന്റെയും ചെയർമാനും ഡയറക്ടറും ഒരാൾ തന്നെയാണെന്ന് പരാതിക്കാർ ബോധിപ്പിച്ചു.
ബാങ്ക് ഉദ്യോഗസ്ഥർക്ക് ഒപ്പം ഒരേ ലോഗോയും ബാഡ്ജും ധരിച്ചു കൊണ്ടാണ് ദലീൽ എന്ന ജീവനക്കാരനെ പരാതിക്കാർ കാണാൻ ഇട വന്നിട്ടുള്ളതെന്നും പരാതിയുടെ ഭാഗമായി ഹാജരാക്കിയ ദലീൽ എന്ന ജീവനക്കാരന്റെ ഫോട്ടോ സഹിതം ഉള്ള രേഖ കൊണ്ട് ഇത് വ്യക്തമാണെന്നും ബാങ്കിൽ അനധികൃതമായ സേവനമാണ് ദലീൽ എന്ന സ്റ്റാഫ് നൽകിയത് എന്ന വാദം എസ്.ബി.ഐ ഉയർത്തിയിട്ടില്ല എന്നും എസ്.ബി.ഐയുടെ തന്നെ ഒരു സേവനമാണ് എസ്.ബി.ഐ കാർഡ്സ് എന്നും ആ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന ഒരു ജീവനക്കാരനാണ് ദലീൽ എന്നും മനസ്സിലാക്കിയാണ് എതിർകക്ഷികളുടെ സേവനം പരാതിക്കാർ ഉപയോഗപ്പെടുത്തിയതെന്ന് കമ്മീഷൻ കണ്ടെത്തി.
അക്കൗണ്ട് സംബന്ധിയായ ഒ.ടി.പി ഉൾപ്പെടെയുള്ള പ്രധാന വിവരങ്ങൾ ദലീൽ എന്ന ജീവനക്കാരന് കൈമാറിയത് എസ്.ബി.ഐയുടെയും ക്രെഡിറ്റ് കാർഡിന്റെയും ജീവനക്കാരനാണെന്ന നിലയിൽ ആണെന്നും അതുകൊണ്ടുതന്നെ അക്കൗണ്ട് വിവരങ്ങൾ മൂന്നാം കക്ഷിക്ക് നൽകി പരാതിക്കാർ വീഴ്ച വരുത്തിയെന്ന എതിർകക്ഷികളുടെ വാദം കമ്മീഷൻ അംഗീകരിച്ചില്ല. ബാങ്കിൽ നിന്നും നഷ്ടപ്പെട്ട പണവും നഷ്ടപരിഹാരവും കോടതി ചെലവുമായി 20,08,747 രൂപ പരാതിക്കാർക്ക് 45 ദിവസത്തിനകം നൽകണമെന്നും വീഴ്ച വന്നാൽ വിധി സംഖ്യക്ക് 9 ശതമാനം പലിശ നൽകണമെന്നും പ്രസിഡന്റ് കെ.മോഹൻദാസും മെമ്പർമാരായ പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളായ കമ്മീഷൻ വിധിച്ചു. ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകരായ കെ.എം. കൃഷ്ണകുമാർ, സൈനുൽ ആബിദീൻ കുഞ്ഞി തങ്ങൾ, അഭിലാഷ്, ബീന ജോസഫ് എന്നിവർ ഹാജരായി.