അന്താരാഷ്ട്ര റോളര്‍ നെറ്റഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ യുഎഇയെ പ്രതിനിധീകരിച്ച് മലയാളി വിദ്യാര്‍ത്ഥിയും, തകര്‍പ്പന്‍ പ്രകടനവുമായി ടീമിന് ഒന്നാം സ്ഥാനം

02:02 PM Sep 08, 2025 |


ദുബായ്: നേപ്പാളില്‍ വെച്ച് നടന്ന നാലാമത് അന്താരാഷ്ട്ര റോളര്‍ നെറ്റഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍, യു.എ.ഇയെ പ്രതിനിധീകരിച്ച മലയാളി വിദ്യാര്‍ത്ഥി അദ്വിക് സത്യന്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി.

അമ്പലത്തറ സ്വദേശി സത്യന്‍ അമ്പലത്തറയുടെയും ദീപ സത്യന്റെയും മകനായ അദ്വിക് ഉള്‍പ്പെട്ട യു എ ഇ ടീം ഗംഭീര പ്രകടനവുമായി ഒന്നാം സ്ഥാനം നേടിയാണ് മടങ്ങിയത്. പത്ത് വയസുള്ള അദ്വിക് സത്യന്‍ ദുബായിലെ ഇന്ത്യന്‍ അക്കാദമി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

റോളര്‍ സ്‌കേറ്റിംഗിന്റെയും ബാസ്‌കറ്റ്‌ബോള്‍, ഹാന്‍ഡ്‌ബോള്‍, ത്രോബോള്‍ എന്നിവയുടെയും സവിശേഷതകള്‍ സമന്വയിപ്പിക്കുന്ന കായിക ഇനമാണ് റോളര്‍ നെറ്റഡ് ബോള്‍. ചാമ്പ്യന്‍ഷിപ്പില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്തു.

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നടന്ന ടൂര്‍ണമെന്റ്, പ്രാദേശിക കായിക പ്രേമികള്‍ക്കും അന്താരാഷ്ട്ര താരങ്ങള്‍ക്കും വലിയ വേദിയായി മാറി. റോളര്‍ നെറ്റഡ് ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ഏഷ്യന്‍ ഫെഡറേഷന്‍, അന്താരാഷ്ട്ര ഫെഡറേഷന്‍ എന്നിവയുടെ മേല്‍നോട്ടത്തില്‍ നടന്ന ടൂര്‍ണമെന്റ് ഈ കായിക ഇനത്തിന്റെ പ്രചാരം വര്‍ധിപ്പിക്കുന്നതിന് സഹായിച്ചു.

അണ്ടര്‍ 12, അണ്ടര്‍ 14, അണ്ടര്‍ 17, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളില്‍ നിന്നുള്ള കളിക്കാര്‍ ടൂര്‍ണമെന്റിനെത്തിയിരുന്നു. മത്സരത്തിന്റെ ഓരോ ഘട്ടവും ആവേശകരമായിരുന്നു, കളിക്കാര്‍ തങ്ങളുടെ വേഗതയും കൃത്യതയും കൊണ്ട് കായികപ്രേമികളെ അമ്പരപ്പിച്ചു.