ഉറങ്ങിക്കിടന്ന 9 വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് മരണം വരെ തടവ്

12:50 PM Aug 25, 2025 | Renjini kannur

കാഞ്ഞങ്ങാട്:വീട്ടില്‍ ഉറങ്ങിക്കിടന്ന ഒൻപതുവയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണംവരെ കഠിനതടവ്.കുടക് നപ്പോക്ക് സ്വദേശി പി.എ. സലീ(40)മിനെയാണ് ഹൊസ്ദുർഗ് അതിവേഗ പ്രത്യേക കോടതി ജഡ്ജി പി.എം.സുരേഷ് ശിക്ഷിച്ചത്.

പീഡനത്തിനിരയായ കുട്ടിയില്‍നിന്നു കവർന്ന കമ്മല്‍ വില്‍ക്കാൻ സഹായിച്ച പ്രതിയുടെ സഹോദരിയും കേസിലെ രണ്ടാം പ്രതിയുമായ കൂത്തുപറമ്ബ് സ്വദേശിനി സുഹൈബ(21)യെ തിങ്കളാഴ്ച കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചു. കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് ശിക്ഷാവിധി തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

2024 മേയ് 15-നാണ് കേസിനാസ്പദമായ സംഭവം. പുലർച്ചെ മൂന്നിന് കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാനായി പുറത്തുപോയ സമയത്താണ് സലീം വീട്ടിനകത്ത് കയറിയത്. മുൻവാതിലിലൂടെ കയറി കുട്ടിയെ എടുത്ത് അരക്കിലോമീറ്റർ അകലെയുള്ള വയലില്‍വെച്ച്‌ പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയെ വയലില്‍ ഉപേക്ഷിച്ച്‌ പ്രതി കടന്നുകളയുകയും ചെയ്തു. പേടിച്ചരണ്ട ബാലിക ഇരുട്ടില്‍ തപ്പിത്തടഞ്ഞ് തൊട്ടടുത്ത വീട്ടിലെത്തുകയായിരുന്നു.

കുട്ടിയുടെ സ്വർണക്കമ്മല്‍ വിറ്റുകിട്ടിയ കാശുമായി മഹാരാഷ്ട്രയിലും ബെംഗളൂരുവിലും ഒടുവില്‍ ആന്ധ്രയിലുമെത്തിയ സലീമിനെ ഒൻപതാം നാള്‍ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.