വത്തിക്കാന്‍: ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് കൂവക്കാട് ഇന്ന് കര്‍ദിനാളായി സ്ഥാനമേല്‍ക്കും. ഇന്ന് രാത്രി ഇന്ത്യന്‍ സമയം 9ന് വത്തിക്കാനില്‍ വെച്ചാണ് സ്ഥാനാരോഹണ ചടങ്ങ്. ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യ കാര്‍മികത്വം വഹിക്കുന്ന ചടങ്ങിലായിരിക്കും മാര്‍ ജോര്‍ജ് കൂവക്കാട് കര്‍ദിനാളായി ഉയര്‍ത്തപ്പെടുക. ഇതോടൊപ്പം മറ്റ് 20 പേരെയും കര്‍ദിനാള്‍ സ്ഥാനത്തെ ഉയര്‍ത്തും. ഇന്ത്യന്‍ സഭാ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വൈദികനെ നേരിട്ട് കര്‍ദിനാളാക്കുന്ന ചടങ്ങുകള്‍ നടക്കുന്നത്.
ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 7 അംഗ സംഘമാണ് പങ്കെടുക്കുന്നത്. കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍, മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, അനൂപ് ആന്റണി, അനില്‍ ആന്റണി എന്നിവരാണ് പങ്കെടുക്കുന്നത്. എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള മലയാളി സംഘവും സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുക്കാന് വത്തിക്കാനില്‍ എത്തിയിട്ടുണ്ട്. മാര്‍ ജോര്‍ജ് കൂവക്കാടിനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് ഭാഗമായി ചങ്ങനാശ്ശേരിയില്‍ കഴിഞ്ഞ മാസം മെത്രാഭിഷേക ചടങ്ങുകള്‍ നടന്നിരുന്നു.