എം.ഡി.എം.എയുമായി യുവാവ് പിടിയിൽ : ദൗത്യത്തിൽ പങ്കാളികളായി 666 വൈത്തിരി ഫുട്ബോൾ ക്ലബും

01:53 PM May 24, 2025 |


വൈത്തിരി: സ്വന്തം ഉപയോഗത്തിനും വിൽപ്പനക്കുമായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കോഴിക്കോട്, താമരശേരി, രാരോത്ത് വി.സി. സായൂജ്(33)നെയാണ് ലഹരി വിരുദ്ധ സ്‌ക്വാഡും വൈത്തിരി പോലീസും പിടികൂടിയത്. ദൗത്യത്തിൽ 666 വൈത്തിരി ഫുട്ബോൾ ക്ലബും  പങ്കാളികളായി. ഈ മാസം ആദ്യ വാരത്തിൽ വയനാട് ജില്ലാ പോലീസ് ലഹരിക്കെതിരെ സംഘടിപ്പിച്ച 'നോക്ക് ഔട്ട് ഡ്രഗ്‌സ്' ഫുട്‌ബോൾ കാർണിവലിൽ റണ്ണേഴ്‌സ് അപ്പ് ആയിരുന്നു 666 വൈത്തിരി. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ ജില്ലാ പൊലീസിനൊപ്പമുണ്ടാവുമെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.

കഴിഞ്ഞ ദിവസം  പുലർച്ചെയാണ് ചുണ്ടേൽ, വെള്ളംകൊല്ലിയിൽ വെച്ച് സായൂജ് പിടിയിലാകുന്നത്. മുൻപും എൻ.ഡി.പി.എസ്‌ കേസിൽ പിടിയിലായിട്ടുള്ള സായൂജിന്റെ പക്കൽ മയക്കുമരുന്ന് ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്കായി പരിശോധന നടത്തിയത്. പോലീസും ക്ലബ്ബ് അംഗങ്ങളും പല വഴികളായി പിരിഞ്ഞ് അന്വേഷണം നടത്തി. 

ഒടുവിൽ 23.05.2025 തീയതി പുലർച്ചെയാണ് ഇയാളെ പിടികൂടിയത്.  4.80 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. 2023 നവംബറിൽ താമരശ്ശേരി പോലീസ് രെജിസ്റ്റർ ചെയ്ത ലഹരി കേസിലെ പ്രതിയാണ് സായൂജ്. ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ സി.ആർ. അനിൽകുമാർ, എസ്.ഐ എം. സൗജൽ, സീനിയർ സിവിൽ പോലീസ് ഓഫിസർ അബ്ദുള്ള മുബാറക്, സി.പി.ഒ അനൂപ് വേലായുധൻ, എം. സന്തോഷ്‌ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.