വർദ്ധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ഉപയോക്താക്കൾക്ക്, പ്രത്യേകിച്ച് പ്രായമായവരെ സംരക്ഷിക്കുന്നതിനായി മെറ്റ പുതിയ ഫീച്ചർ അവതാരിപ്പിച്ചു. സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള ആഗോള ശ്രമങ്ങളുടെ ഭാഗമായി, വാട്സ്ആപ്പ്, മെസഞ്ചർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ തങ്ങളുടെ പ്രധാന ആപ്പുകളിലാണ് മെറ്റ വിപുലമായ സുരക്ഷാ സവിശേഷതകൾ അവതരിപ്പിച്ചത്. ഓൺലൈൻ തട്ടിപ്പുകാരെ എളുപ്പത്തിൽ തിരിച്ചറിയാനും അവരെ ഒഴിവാക്കാനും സഹായിക്കുന്ന നൂതനമായ ഫീച്ചറുകളാണ് മെറ്റ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സുരക്ഷാ സംവിധാനങ്ങൾ ഉപയോക്താക്കൾക്ക് ലഭിക്കുന്ന സന്ദേശങ്ങളുടെ ആധികാരികത പരിശോധിക്കാനും, സംശയാസ്പദമായ അക്കൗണ്ടുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും ശേഷിയുള്ളവയാണ്.
ഓൺലൈൻ തട്ടിപ്പുകളിൽ ഏറ്റവും കൂടുതൽ ഇരയാക്കപ്പെടുന്നത് മുതിർന്ന പൗരന്മാരാണ്. സാങ്കേതികവിദ്യയുടെ സങ്കീർണ്ണതകൾ മനസ്സിലാക്കാനുള്ള പരിമിതി കാരണം ഇവർ പെട്ടെന്ന് കെണികളിൽ വീഴാൻ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത്, പ്രായമായവർക്ക് കൂടുതൽ ലളിതമായി മനസ്സിലാക്കാവുന്നതും ഉപയോഗിക്കാവുന്നതുമായ സുരക്ഷാ മുന്നറിയിപ്പുകളും നിർദ്ദേശങ്ങളുമാണ് പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാട്സ്ആപ്പിലെ വീഡിയോ കോളിൽ ഒരു അജ്ഞാത വ്യക്തി നിങ്ങളോട് സ്ക്രീൻ ഷെയർ ചെയ്യാൻ ആവശ്യപ്പെട്ടാൽ നിങ്ങൾക്ക് ഇനി മുതൽ മുന്നറിയിപ്പ് ലഭിക്കും. തട്ടിപ്പുകാർ പലപ്പോഴും ആളുകളുടെ സ്ക്രീനുകൾ വാട്സ്ആപ്പിൽ പങ്കിടാൻ ആവശ്യപ്പെടുകയും വിവരങ്ങൾ ചോർത്തി അവരുടെ ബാങ്ക് അക്കൗണ്ടുകൾ കാലിയാക്കുകയും ചെയ്യുന്നു. ഇത് തടയാൻ പുതിയ ഫീച്ചർ സഹായിക്കും. ഇതിനുപുറമെ, മെസഞ്ചറിൽ എഐ പവർഡ് സ്കാം ഡിറ്റക്ഷനും മെറ്റ പരീക്ഷിക്കുന്നുണ്ട്. ഇത് സംശയാസ്പദമായ സന്ദേശങ്ങൾ തിരിച്ചറിയുകയും ഉപയോക്താക്കളെ അറിയിക്കുകയും ചെയ്യും.