കോഴിക്കോട് : കേരളത്തെ വൈജ്ഞാനിക വിഭവശേഷിയുള്ള സംസ്ഥാനമായി മാറ്റുകയെന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച തൊഴില്‍മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പി.എസ്.സി വഴി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്ന സംസ്ഥാനം കേരളമാണെന്നുംഎല്ലാവര്‍ക്കും തൊഴില്‍ എല്ലാവര്‍ക്കും വരുമാനം എന്ന ലക്ഷ്യവുമായാണ് ഇത്തരത്തിലുള്ള തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കക്കോടി ഗവ. യു പി സ്‌കൂളില്‍ നടന്ന തൊഴില്‍ മേളയില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സംവിധാനവും ഒരുക്കിയിരുന്നു. 30ലധികം കമ്പനികള്‍ പങ്കെടുത്ത മേളയില്‍ 39 പേര്‍ക്ക് ഓഫര്‍ ലെറ്റര്‍ ലഭിച്ചു. പങ്കെടുത്ത 218 പേരില്‍ 179 പേര്‍ ഷോട്ട്ലിസ്റ്റ് ചെയ്യപ്പെട്ടു.
ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനില്‍കുമാര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പന്‍കണ്ടി, സ്ഥിരം സമിതി അധ്യക്ഷരായ സുജ അശോകന്‍, ഹരിദാസന്‍ ഈച്ചരോത്ത്, സര്‍ജാസ് കുനിയില്‍, മെമ്പര്‍മാരായ രാമചന്ദ്രന്‍, അയിഷാബി, ഉപശ്ലോകന്‍, ബ്ലോക്ക് പഞ്ചായത്ത് സ്വാഗത സംഘം ചെയര്‍മാന്‍ പി ശോഭീന്ദ്രന്‍, ജോയിന്റ് ബിഡിഒ അഭിനേഷ് കുമാര്‍, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസര്‍ ടി വിദ്യ, പടിഞ്ഞാറ്റുംമുറി ഗവ. യു പി സ്‌കൂള്‍ പ്രധാനാധ്യാപിക ലക്ഷ്മിഭായി എന്നിവര്‍ സംസാരിച്ചു.