കോഴിക്കോട് :ഗ്രാമീണ തലത്തിലെ വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ ഗ്രാമസഭകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് ജനപ്രതിനിധികൾ പ്രത്യേക താൽപര്യമെടുക്കണമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതി വികസന സെമിനാർ കക്കോടി എരക്കുളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2025-26 സാമ്പത്തിക വർഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി സംസ്ഥാനത്തെ ആകെ വിഹിതത്തിന്റെ 28% മാണ് സർക്കാർ നീക്കിവെച്ചത്. ഇത് കഴിഞ്ഞ തവണത്തേക്കാൾ 2% കൂടുതലാണ്. സാമ്പത്തിക ഞെരുക്കത്തിലും വികസന പ്രവർത്തനങ്ങൾ മുടങ്ങാൻ പാടില്ല എന്ന സർക്കാരിന്റെ ദൃഢനിശ്ചയമാണിത് കാണിക്കുന്നത്, മന്ത്രി ചൂണ്ടിക്കാട്ടി.
ഈ മാസം ഏഴിന് അവതരിപ്പിക്കാൻ പോകുന്ന ബജറ്റിൽ അടിസ്ഥാന സൗകര്യ വികസനത്തിനും ഗ്രാമീണ വികസന മേഖലയിലെ മാറ്റങ്ങൾക്ക് ഉതകുന്ന അടിയന്തരജോലികൾക്കുമാണ് സർക്കാർ മുൻഗണന നൽകുക. സുസ്ഥിര വികസനത്തിലേക്ക് നാടിനെ എത്തിക്കാൻ പ്രാദേശികതല വികസനത്തിന് മുൻഗണന നൽകിയുള്ള മാതൃകയാണ് കേരളം അവലംബിക്കുന്നത്.ഈ മാതൃകയ്ക്കാണ് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ പുറത്തിറക്കിയ സാമ്പത്തിക സർവേയിൽ പ്രശംസ ലഭിച്ചത്.
ഗ്രാമീണ റോഡുകൾ ക്കായുള്ള മുഖ്യമന്ത്രിയുടെ1000 കോടി രൂപയുടെ പദ്ധതിയിൽ എലത്തൂർ നിയമസഭ മണ്ഡലത്തിൽനിന്ന് 61 റോഡുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഇവയ്ക്ക് 10.58 കോടി രൂപയാണ് ചെലവ്. വരുന്ന മാർച്ചിൽ ടെണ്ടർ വിളിച്ചു ഈ റോഡുകളുടെ നിർമ്മാണ പ്രവൃത്തി തുടങ്ങിയിട്ടില്ലെങ്കിൽ ഉദ്യോഗസ്ഥ വീഴ്ചയായി കണക്കാക്കേണ്ടി വരുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.
ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ശ്രദ്ധേയമായ നിരവധി മാറ്റങ്ങൾക്ക് തുടക്കം കുറിക്കുകയും പൂർത്തീകരിക്കുകയും ചെയ്തതായി മന്ത്രി ചൂണ്ടിക്കാട്ടി. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി സുനിൽകുമാർ അധ്യക്ഷത വഹിച്ചു.വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി എം ഷാജി, കൃഷ്ണവേണി മാണിക്കോത്ത്, ടി കെ പ്രമീള, കെ പി ഷീബ, പി പി നൗഷീർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടി, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഹരിദാസൻ ഈച്ചരോത്ത്, കെ സർജാസ്, സുജ അശോകൻ, ജില്ലാ പഞ്ചായത്ത് അംഗം ഇ കെ ശശീന്ദ്രൻ, ബിഡിഒ സി പി ബിന്ദു, പി കെ ഷിബു എന്നിവർ പങ്കെടുത്തു.