+

സെന്‍സര്‍ ഗവേഷണത്തിന് പണത്തിന്‍റെ അഭാവം തടസ്സമാകില്ല ;കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി വകുപ്പ് കോ-ഓര്‍ഡിനേറ്റര്‍ സുനിത വര്‍മ്മ

സെന്‍സര്‍, സെമികണ്ടക്ടറുകള്‍, ആക്ചുവേറ്റേഴ്സ് തുടങ്ങിയ മേഖലകളിലെ ഗവേഷണങ്ങള്‍ക്ക് ധനസഹായത്തിന്‍റ കുറവ് തടസ്സമാകില്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി വകുപ്പ് കോ-ഓര്‍ഡിനേറ്റര്‍ സുനിത വര്‍മ്മ പറഞ്ഞു

കൊച്ചി: സെന്‍സര്‍, സെമികണ്ടക്ടറുകള്‍, ആക്ചുവേറ്റേഴ്സ് തുടങ്ങിയ മേഖലകളിലെ ഗവേഷണങ്ങള്‍ക്ക് ധനസഹായത്തിന്‍റ കുറവ് തടസ്സമാകില്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി വകുപ്പ് കോ-ഓര്‍ഡിനേറ്റര്‍ സുനിത വര്‍മ്മ പറഞ്ഞു. ഇന്‍ഫോപാര്‍ക്കില്‍ നടന്ന സെന്‍സേഴ്സ് ആന്‍ഡ് ആക്ചുവേറ്റേഴ്സ് അന്താരാഷ്ട്ര സമ്മേളനത്തിലെ സമാപനദിനത്തിലെ വര്‍ക്ക് ഷോപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ഇലക്ട്രോണിക്സ് ഉപകരണഭാഗങ്ങളുടെ നിര്‍മ്മാണത്തില്‍ രാജ്യം ഏറെ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് സുനിത വര്‍മ്മ ചൂണ്ടിക്കാട്ടി. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സെന്‍സറുകള്‍, സെമികണ്ടക്ടറുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിലാണ്. ഇത്തരം മേഖലകളിലെ ഗവേഷണത്തിന് ധനസഹായം കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് അവര്‍ പറഞ്ഞു. നിലവില്‍ വിവിധ ഗവേഷണങ്ങള്‍ക്ക് ധനസഹായം നല്‍കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

സെന്‍സറുകള്‍ വികസിപ്പിച്ചെടുക്കാന്‍ മാത്രമല്ല ഒരു പടി കൂടി കടന്ന ഇവ ഉപയോഗിച്ചുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുകയും ചെയ്യണം. ഇലക്ട്രോണിക് രംഗത്ത് മാത്രമല്ല, സാധാരണക്കാരന്‍റെ ദൈനംദിന ജീവിതത്തില്‍ സാര്‍ഥകമായ മാറ്റം വരുത്താന്‍ സാധിക്കുന്ന സെന്‍സറുകളുടെ വികസനവും വേണം. കാര്‍ഷികരംഗം, അന്തരീക്ഷ മലിനീകരണം, മണ്ണ് പരീക്ഷണം തുടങ്ങിയ മേഖലകളില്‍ സെന്‍സര്‍ സാങ്കേതികവിദ്യയുടെ സാധ്യത ഫലപ്രദമായി ഉപയോഗിക്കാനാകണമെന്നും സുനിത വര്‍മ്മ പറഞ്ഞു.

സി-മെറ്റ് തൃശൂര്‍ സെന്‍റര്‍ ഹെഡ് ഡോ. എസ് രാജേഷ് കുമാര്‍, ഡോ. എ സീമ, ഐഐഐടിഎം-കെ ഡയറക്ടര്‍ പ്രൊഫ. അലക്സ് ജെയിംസ്, ഐഐഒടി മികവിന്‍റെ കേന്ദ്രം സിഇഒ റിജിന്‍ ജോണ്‍, ഇലക്ട്രോണിക് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(എല്‍സിന) ഡെപ്യൂട്ടി ഡയറക്ടര്‍ സന്ദീപ് സക്സേനതുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
 
സെന്‍സറുകള്‍, ആക്ച്വവേറ്ററുകള്‍ എന്നീ മേഖലകളെ സംബന്ധിക്കുന്ന വിവിധ ശാസ്ത്ര ശാഖകളില്‍ നിന്നുള്ള വിദഗ്ധര്‍ അവതരണങ്ങള്‍ നടത്തി. സെന്‍സറുകളുടെയും, ആക്ച്വവേറ്ററുകളുടെയും ഭാവി എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും നടന്നു.

പാലക്കാട് ഐഐടിയിലെ പ്രൊഫസര്‍മാരായ സുശാഭന്‍ സാധുകന്‍, മിന്‍റു പരോള്‍, കര്‍ണാടക കേന്ദ്ര സര്‍വകലാശാലയിലെ ഡോ. രാജീവ് ജോഷി,  അലിഗഢ് സര്‍വകലാശാലയിലെ ഡോ. ഇമാനുദ്ദീന്‍, ലിംകോപിംഗ് സര്‍വകലാശാലയിലെ ഡോ. ജോസ് ഗബ്രിയേല്‍ മാര്‍ട്ടിനെസ്, പ്രൊഫ. എഡ്വിന്‍ ജാഗര്‍, ഐഐഐടിഎം-കെ യിലെ ഡോ. ജോസ് ജോസഫ്, ടാറ്റാ സ്റ്റീലിന്‍റെ ഡോ. ശ്യാം ചൗധരി, എസ്എഫ്ഒ ടെക്നോളജീസ് ഡയറക്ടര്‍ രാമസ്വാമി നാരായണന്‍, സി-മെറ്റ് തൃശൂരിലെ ഡോ. ഭാഗ്യശ്രീ ബി, തിരുവനന്തപുരത്തെ ഐഐഎസ്ഇആറിലെ ഡോ. വിനായക് വി കാംബ്ലെ, പി എക്യുഎസ് എംഡി വൈദ്യനാഥന്‍, ഒഇഎന്‍ എംഡി പമേല അന്ന മാത്യൂ, കാലിക്കറ്റ് സര്‍കലാശാലയിലെ പ്രൊഫ. ഷഹീന്‍ ടി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.
 

facebook twitter