
കാസർകോട് : പുതുതലമുറ സാങ്കേതിക കോഴ്സുകള്‍ കൂടി ഉള്‍പ്പെടുത്തി കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ പരിഷ്ക്കരിച്ച് കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഉന്നത വിദ്യാഭ്യാസം, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്.ബിന്ദു പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അഞ്ചാം 100 ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി കാസര്‍കോട് ല്‍.ബി.എസ് എന്‍ജിനീയറിങ് കോളേജില്‍ ആരംഭിക്കുന്ന അഞ്ച് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ ആയി കേരളം 6000 കോടി രൂപ ചിലവാക്കിയെന്നും നീതി ആയോഗിന്റെ കണക്കുകള്‍ പ്രകാരം ഉന്നത വിദ്യാഭാസ രംഗത്തു കൂടുതല്‍ പണം വിന്യസിക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും മന്ത്രി പറഞ്ഞു.
സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നൂതന സാങ്കേതിക ആശയങ്ങളുമായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം മുതല്‍ ഇരുപത്തഞ്ച് ലക്ഷം രൂപ വരെ ധനസഹായം നല്‍കും. സാമ്പത്തികമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിദ്യാര്‍ത്ഥി പ്രതിഭകള്‍ക്ക് മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥി പ്രതിഭ പുരസ്കാരത്തില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പും യുവ വേഷകര്‍ക്ക് ഒരുലക്ഷം രൂപയുടെ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പും നല്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡാറ്റ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ബിസിനെസ്സ് സിസ്റ്റം എന്നി ബി.ടെക് കോഴ്സുകളുടെയും അഡിഷണല്‍ ക്ലാസ് റൂം ബ്ളോക്, ഫയര്‍ ആന്‍ഡ് സേഫ്റ്റി സിസ്റ്റം, നവീകരിച്ച ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്മെന്റ് ബ്ലോക്ക് എന്നീ പദ്ധതികളുടെ ഉദ്ഘാടനവും ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്മെന്റിന് എന്‍.ബി.എ അക്രഡിറ്റേഷന് ലഭിച്ചതിന്റെ പ്രഖ്യാപനവും മന്ത്രി നിര്‍വ്വഹിച്ചു.
അഡ്വ. സി എച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ടി.സി.എസ് അക്കാദമി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് അക്കാദമിക് അലയന്‍സ് ഗ്രൂപ്പ് മേധാവി ഡോ. കെ എം സുശീന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി മിനി, വാര്‍ഡ് മെമ്പര്‍ നബീസാ സത്താര്‍, എല്‍.ബി.എസ് സെന്റര്‍ ജോയിന്‍ ഡയറക്ടര്‍ ഡോ. ജെ. ജയമോഹന്, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് അക്കാദമി അലയന്‍സ് കേരള മേഖല മേധാവി രാജീവ് ശ്രീനിവാസ്, എല്‍.ബി.എസ് എഞ്ചിനീയറിങ് കോളേജ് പി.ടി.എ വൈസ് പ്രസിഡന്റ് മുജീബ് റഹ്മാന് മാങ്ങാട്, പി.ടി.എ സെക്രട്ടറി സി.വി കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
തിരുവനന്തപുരം എല്‍.ബി.എസ് സെന്റര്‍ ഡയറക്ടര്‍ ഡോ. എം. അബ്ദുല്‍ റഹ്മാന് സ്വാഗതവും എല്‍.ബി.എസ് എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ടി മുഹമ്മദ് ഷെക്കൂര്‍ നന്ദിയും പറഞ്ഞു.
2024-25 വര്‍ഷത്തില്‍ വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ മന്ത്രി അനുമോദിച്ചു. തുടര്‍ന്ന് ടി.സി.എസ് സഹകരണത്തോടെ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ബിസിനസ് സിസ്റ്റം കോഴ്സ് ആരംഭിക്കുന്നതിനുള്ള ധാരണ പത്രത്തില്‍ തിരുവനന്തപുരം എല്‍ബിഎസ് സെന്റര്‍ ഡയറക്ടര്‍ ഡോ. എം അബ്ദുല്‍ റഹ്മാനും ടി സി എസ് അക്കാദമിക് അലയന്‍സ് കേരള മേഖലാ മേധാവി രാജീവ് ശ്രീനിവാസും ഒപ്പുവെച്ചു.