+

കേരളത്തെ മാലിന്യമുക്തമാക്കാൻ ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ കണക്കെടുപ്പ് അനിവാര്യം: മന്ത്രി എം.ബി രാജേഷ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിലവിലെ ജൈവമാലിന്യ സംസ്കരണ ഉപാധികളും അവയുടെ കണക്കെടുപ്പും നടത്തുന്നതിലൂടെ കേരളത്തിൽ ആകെയുള്ള ജൈവമാലിന്യ ഉപാധികൾ സംബന്ധിച്ചുള്ള സമഗ്രമായ വിവരമാണ്  ഉദ്ദേശിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

പാലക്കാട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിലവിലെ ജൈവമാലിന്യ സംസ്കരണ ഉപാധികളും അവയുടെ കണക്കെടുപ്പും നടത്തുന്നതിലൂടെ കേരളത്തിൽ ആകെയുള്ള ജൈവമാലിന്യ ഉപാധികൾ സംബന്ധിച്ചുള്ള സമഗ്രമായ വിവരമാണ്  ഉദ്ദേശിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിലവിലെ ജൈവമാലിന്യ സംസ്‌കരണ ഉപാധികളും അവയുടെ അവസ്ഥാപഠനവും കണക്കെടുപ്പും നടത്തുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം കൊടുമ്പ് കാടാങ്കോട്ടെ തൻ്റെ വീട്ടിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഹരിത കർമ്മ സേന പ്രവർത്തകർ മന്ത്രിയിൽ നിന്നും  കുടുംബത്തിൽ നിന്നും വിവരശേഖരണം നടത്തിയാണ് സർവേയുടെ ഉദ്ഘാടനം നടത്തിയത്.

മാലിന്യമുക്ത നവകേരളം കാംപയിനിലൂടെ വലിയ പുരോഗതി കൈവരിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞു.  മാലിന്യമുക്ത കേരളം കാംപയിൻ പ്രവർത്തനങ്ങളുടെ ലക്ഷ്യം നേടുന്നതിന് സർവെ അനിവാര്യമാണ്. മാർച്ച് 30 ന് ഇൻറർനാഷണൽ സീറോ വേസ്റ്റ് ദിനത്തിൽ സമ്പൂർണ്ണ മാലിന്യമുക്ത നവ കേരളത്തിൻ്റെ പ്രഖ്യാപനം നടക്കും. അടുത്ത മൂന്ന് മാസം കാംപയിനിൻ്റെ  ഏറ്റവും നിർണായക ഘട്ടമാണ്. കാംപയിൻ കാലയളവിൽ ഉണ്ടായ  ഏറ്റവും പ്രധാന പുരോഗതി വാതിൽ പടി അജൈവ പാഴ്‌വസ്തു ശേഖരണത്തിൽ ഉണ്ടായ കുതിച്ചുചാട്ടമാണ്.
ഹരിത കർമ്മസേന വഴിയുള്ള വാതിൽ പടി മാലിന്യ ശേഖരണം 47 ശതമാനത്തിൽ നിന്ന്  88 ശതമാനത്തിലേക്ക് ഉയർന്നു.  യൂസർ ഫീ കളക്ഷൻ 30  നിന്ന് 70% ആയി വർധിച്ചു. കാംപയിൻ കാലയളവിൽ
ഹരിതമിത്രം ഗാർബേജ്   ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം  6.5 ലക്ഷത്തിൽ നിന്ന് 88 ലക്ഷമായി ഉയർന്നു. മിനി എം സി എഫുകളുടെ എണ്ണം 7000 ത്തിൽ നിന്ന് 19000 ആയി ഉയർത്താൻ കഴിഞ്ഞു.

അജൈവ പാഴ്‌വസ്തു ശേഖരണസംവിധാനങ്ങൾ ശക്തിപ്പെടുത്താനായി.എല്ലാ തദ്ദേശസ്ഥാപനങ്ങളിലും എം.സി.എഫുകൾ ഉറപ്പാക്കാൻ കഴിഞ്ഞു. ആർ.ആർ.എഫുകളുടെ എണ്ണം ഇരട്ടിയാക്കി.

അജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ നിലവിലെ എണ്ണവും  കുറവുകളും കണ്ടെത്തി ഈ മേഖലയിലുള്ള വിടവ് പരിഹരിക്കുകയാണ് ലക്ഷ്യം. ജൈവ മാലിന്യ സംസ്കരണത്തിന് വൻകിട പ്ലാന്റുകളോടൊപ്പം  വികേന്ദ്രീകൃത പ്ലാന്റുകളും സ്ഥാപിക്കാൻ ഉദ്ദേശമുണ്ട്. കേരളത്തെ സംബന്ധിച്ച് ഇവ രണ്ടും ആവശ്യമാണ്. ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുക എന്നതാണ് കേരളം അംഗീകരിച്ച കാഴ്ചപ്പാട്. എന്നാൽ വലിയ നഗരങ്ങളിൽ ഉറവിട മാലിന്യ സംസ്കരണം മാത്രം മതിയാവില്ല. വലിയ പ്ലാന്റുകൾ ആവശ്യമായിവരും.

ബ്രഹ്മപുരത്തിനു ശേഷം കൊച്ചിയിൽ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാൻറ് ആരംഭിക്കാൻ അതിനാലാണ്  തീരുമാനിച്ചത്. യുദ്ധകാലാടിസ്ഥാനത്തിലാണ് അതിന്റെ പ്രവർത്തനം മുന്നോട്ട് നീങ്ങുന്നത്. മാർച്ചിൽ ഉദ്ഘാടനം ചെയ്യും. പ്രതിദിനം 150 ടൺ ജൈവമാലിന്യം സംസ്കരിക്കാൻ കഴിയുന്നതാണ് പ്ലാൻ്റ്. സമാനമായ പ്ലാൻ്റ് കേരളത്തിലെ തിരുവനന്തപുരം കോഴിക്കോട് ജില്ലകളിലും  സ്ഥാപിക്കാൻ അനുമതിയായിട്ടുണ്ട്.

മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിജോയ്, കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ധനരാജ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ശാന്ത, ശാരദ, പ്രകാശിനി, കൊടുമ്പ്  സി.ഡി.എസ് ചെയർപേഴ്സൺ സി.കനകം, എൽ.എസ്.ജി.ഡി ജോയിൻറ് ഡയറക്ടർ എം.കെ ഉഷ ,നവ കേരള മിഷൻ ജില്ലാ കോർഡിനേറ്റർ പി.സൈതലവി, ജില്ലാ ശുചിത്വമിഷൻ കോർഡിനേറ്റർ ജി.വരുൺ , എൽ.എസ്.ജി.ഡി അസിസ്റ്റൻറ് ഡയറക്ടർ ഹമീദ ജലീസ, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ കെ.കെ ചന്ദ്രദാസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

facebook twitter