കോഴിക്കോട് : ആഗോള നിലവാരത്തിലുള്ള മികവുറ്റ വിദ്യാഭ്യാസം നാട്ടിൽ ലഭ്യമാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പിൻ്റെ ഭാഗമായുള്ള ഓവർസീസ് ഡെവലപ്മെൻ്റ് & എംപ്ലോയ്മെൻ്റ് പ്രൊമോഷൻ കൺസൽട്ടൻ്റ്സ് ലിമിറ്റഡ് (ഒഡെപെക്) വിദേശ പഠനത്തിന് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്കായി കോഴിക്കോട്ട് സംഘടിപ്പിച്ച വിദേശ വിദ്യാഭ്യാസ പ്രദർശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശപഠനം ഭാരമാകരുത്. കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കാത്തത് മൂലം നിലവാരമില്ലാത്ത സ്ഥാപനങ്ങളിലും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലും വിദ്യാർത്ഥികൾ എത്തിച്ചേരുന്നു എന്നത് ഖേദകരമാണ്. വിദ്യാർഥികൾക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ സാധിക്കണം. ഈ രംഗത്ത് നിരവധി വ്യാജ ഏജൻസികളും സാമ്പത്തിക നേട്ടം ലക്ഷ്യമാക്കിയുള്ള സ്വകാര്യ ഏജൻസികളുമുണ്ട്. വിദേശ പഠനം ആഗ്രഹിക്കുന്ന സാധാരണക്കാരായ കുട്ടികൾക്ക് ചുരുങ്ങിയ നിരക്കിൽ അത് സാധ്യമാക്കാൻ പരിശ്രമിക്കുന്ന ഒഡെപെക്കിൻ്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നം മന്ത്രി അഭിപ്രായപ്പെട്ടു.
വിജ്ഞാന സമ്പദ് വ്യവസ്ഥ സാധ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനം. അക്കാദമിക രംഗത്തെ പുരോഗമനം സാമൂഹിക മുന്നേറ്റത്തിന് പ്രയോജനപ്പെടുത്തുന്നതിനാണ് നമ്മുടെ കൂട്ടായ ശ്രമം. രാജ്യത്ത് തന്നെ പൊതുരംഗത്ത് ഏറ്റവുമധികം നിയമനവും തസ്തിക നിർണ്ണയവും നടത്തിയതടക്കമുള്ള നേട്ടങ്ങൾ കേരളത്തിന് കുറഞ്ഞ സമയം കൊണ്ട് കൈവരിക്കാനായിട്ടുണ്ട്. വിദേശത്ത് നിന്നുൾപ്പെടെ വിദ്യാർത്ഥികളെ ആകർഷിക്കാവുന്ന ആധുനിക കോഴ്സുകൾ പഠിക്കുന്നതിനുള്ള അവസരങ്ങളാണ് ഒരുക്കുന്നത്.
മികച്ച തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുക എന്നത് സർക്കാറിൻ്റെ പ്രഥമ പരിഗണനാ വിഷയമാണ്. വ്യവസായ പാർക്കുകൾ ഉൾപ്പെടെയുള്ള ഉദ്യമങ്ങൾ ഇന്നത്തെ ക്യാമ്പസുകളുടെ പ്രധാന ആകർഷണങ്ങളാണ്. കൂടുതൽ സുശക്തമായ തൊഴിൽ അവസരവും സാഹചര്യവും ഉറപ്പ് വരുത്താനാണ് സർക്കാർ യത്‌നിക്കുന്നതെന്നും മന്ത്രി റിയാസ് ചൂണ്ടിക്കാട്ടി.
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കോർപറേഷൻ മേയർ ബീന ഫിലിപ്പ് മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ കെ റംലത്ത് സംസാരിച്ചു. ഒഡെപെക് ചെയർമാൻ കെ പി അനിൽകുമാർ സ്വാഗതവും മാനേജിങ് ഡയറക്ടർ അനൂപ് കെ എ നന്ദിയും പറഞ്ഞു.
ആസ്ട്രേലിയ, അയർലൻഡ്, യുകെ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളിലെ മുപ്പതിലധികം സർവ്വകലാശാലകളിൽ നിന്നുള്ള വിദേശ പ്രതിനിധികൾ എക്സ്പോയ്ക്ക് നേതൃത്വം നൽകി.
വിവിധ രാജ്യങ്ങളിലെ ഉപരിപഠനത്തെ കുറിച്ചും ഈ മേഖലയിലെ നിലവിലുള്ള സാഹചര്യങ്ങളെ കുറിച്ചും അവസരങ്ങൾ സംബന്ധിച്ചും അവബോധം നൽകുകയാണ് പ്രധാനമായും പ്രദർശനം കൊണ്ട് ലക്ഷ്യമിടുന്നത്.
വിദ്യാർത്ഥികളുമായുള്ള വ്യക്തിഗത അഭിമുഖങ്ങൾ, തത്സമയ വിശകലനം, യോഗ്യത പരിശോധന, സർവ്വകലാശാല പ്രവേശനം സംബന്ധിച്ച നടപടി ക്രമങ്ങൾ, ലഭ്യമായ സ്കോളർഷിപ്പുകൾ, ഫീസ് ഇളവുകൾ തുടങ്ങിയ മാർഗനിർദ്ദേശങ്ങളും പ്രദർശനത്തിൽ കൈമാറി.