സമൂഹത്തിന്റെ വളർച്ചയിൽ കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയം: മന്ത്രി റോഷി അഗസ്റ്റിൻ

08:29 PM May 06, 2025 |


ഇടുക്കി :സമൂഹത്തിന്റെ വളർച്ചയിൽ കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കുടുംബശ്രീ ജില്ലാ കലോത്സവം അരങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സാമൂഹിക- സാംസ്‌കാരിക വളർച്ചയിൽ വലിയ പങ്കാളിത്തം വഹിച്ച മിഷനാണ് കുടുംബശ്രീ. കുടുംബശ്രീയിലൂടെയാണ് സമൂഹത്തിലുണ്ടായ മാറ്റങ്ങളും നേട്ടങ്ങളും താഴേ തലങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും എത്തിയത്. 

ലഹരിക്കെതിരെയുള്ള പോരാട്ടം കക്ഷി രാഷ്ട്രീയങ്ങൾക്ക് അതീതമായി തുടരണം. പുതുതലമുറയെ എത്രത്തോളം നിയന്ത്രിക്കാൻ നമുക്ക് സാധിക്കുന്നുണ്ട്. അവരുടെ പ്രവർത്തനത്തിൽ നമ്മൾ കാണുന്ന മികവിൽ ഏറ്റവും സന്തോഷകരം വിദ്യാഭ്യാസ പരമായ പുരോഗതിയാണ്. വിദ്യാഭ്യാസ പുരോഗതി നല്ല നിലയിൽ ആർജിച്ചതുകൊണ്ടു മാത്രം ഒരു വ്യക്തിക്ക് എല്ലാ തുറകളിലെയും വിജയം കൈവരിക്കാൻ സാധിക്കണമെന്നില്ല. ലഹരി ഉപയോഗത്തിലും സാമൂഹ്യ തിന്മകളിലും പുതു തലമുറ സാന്നിധ്യം വർധിക്കുകയാണ്. വീട്ടിലും നാട്ടിലും സൂക്ഷ്മ നിരീക്ഷണത്തോടെ കുട്ടികളെ വളർത്തേണ്ടത് കാലഘട്ടത്തിന്റെ വെല്ലുവിളികളെ നമുക്ക് അതിജീവിക്കാനാണ്. അതിന് എല്ലാവരുടെയും ശ്രദ്ധ അനിവാര്യമാണ്. സമൂഹ തിന്മയ്‌ക്കെതിരായ പോരാട്ടത്തിൽ സർക്കാർ ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒരുമിച്ച് കൈകോർക്കുന്ന ഘട്ടത്തിൽ കുടുംബശ്രീക്ക് വലിയ പങ്ക് വഹിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. 

കട്ടപ്പന സെൻ് ജോർജ് പാരീഷ് ഹാളിൽ നടന്ന യോഗത്തിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ അധ്യക്ഷനായി. കട്ടപ്പന നഗരസഭ അധ്യക്ഷ ബീന ടോമി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജോൺ, ജില്ലാ പഞ്ചായത്തംഗം ആശ ആന്റണി, കട്ടപ്പന സിഡിഎസ് ചെയർപേഴ്‌സൺ മാരായ രത്‌നമ്മ സുരേന്ദ്രൻ, ഷൈനി സജി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.സി ബിജു, കുടുംബശ്രീ കോ-ഓഡിനേറ്റർ ജി. ഷിബു എന്നിവർ സംസാരിച്ചു.