
ഇടുക്കി : ഇടുക്കിയിലെ ഗ്രാമീണ മേഖലകളിലുണ്ടായ മാറ്റം സമാനതകളില്ലാത്തതാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കൊന്നത്തടി ഗ്രാമ പഞ്ചായത്തിലെ കാക്കാ സിറ്റിയില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇടുക്കിയ്ക്ക് സ്വായത്തമാക്കാന്‍ കഴിയുമോ എന്ന വിമര്‍ശനങ്ങളെ അതിജീവിച്ചതാണ് പല വികസന നേട്ടങ്ങളും.
ആരോഗ്യ മേഖലയിലുണ്ടായ മാറ്റം സമാനതകളില്ലാത്തതാണ്. 2500 മുതല്‍ 3000 ഒപി രോഗികള്‍ എത്തുന്നുണ്ട് ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. അവിടെ നൂറിലധികം ഡോക്ടര്‍മാരുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നു. ബി.എസ്.സി നേഴ്‌സിംഗ് കോഴ്‌സ് ആരംഭിച്ചു. ഹൃദ്രോഗ ചികിത്സയ്ക്ക് വേണ്ടി കാത്ത് ലാബ് സ്ഥാപിക്കാന്‍ ആരോഗ്യ വകുപ്പ് തിരഞ്ഞടുത്ത ഒരു ആശുപത്രി ഇടുക്കി മെഡിക്കല്‍ കോളേജാണ്. ഇതിനായി കെട്ടിടം പണിയുന്നതിനും മറ്റ് നടപടികള്‍ സ്വീകരിക്കുന്നതിനും 10 കോടി രൂപ ഇടുക്കി പാക്കേജില്‍ മാറ്റി വച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അഞ്ചാംമൈല്‍-കൊന്നത്തടി ടൗണ്‍- വിമലാസിറ്റി റോഡ് ബി എം ബി സി നിലവാരത്തില്‍ നിര്‍മ്മിക്കാന്‍ അഞ്ച് കോടി രൂപ അനുവദിച്ചതായി മന്ത്രി യോഗത്തില്‍ പ്രഖ്യാപിച്ചു. പ്രദേശവാസികള്‍ സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. വള്ളക്കടവ് ഭാഗത്തെ കലുങ്ക് നിര്‍മ്മാണത്തിന് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനോട് എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ആരാഞ്ഞിട്ടുണ്ടന്നും ഇതിനാവശ്യമായി വരുന്ന തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ ശോച്യാവസ്ഥയിലായ കൊന്നത്തടി ക്ഷീരോല്‍പ്പാദക സംഘത്തിന്റെ കെട്ടിടം നവീകരിക്കുന്നതിന് 2 ലക്ഷം രൂപയും മന്ത്രി പ്രഖ്യാപിച്ചു.
എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപ ചെലവഴിച്ചാണ് കാക്കാസിറ്റിയില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി പി മല്‍ക്ക അധ്യക്ഷത വഹിച്ചു. കൊന്നത്തടി സഹകരണ ബാങ്ക് പ്രസിഡന്റ് പി എം ബേബി, ഹൗസിംഗ് ബോര്‍ഡ് അംഗം ഷാജി കാഞ്ഞമല എന്നിവര്‍ പ്രസംഗിച്ചു.