ഹജ്ജ് അപേക്ഷാ സമർപ്പണത്തിന് കൂടുതൽ സമയം അനുവദിക്കണം: മന്ത്രി വി. അബ്ദുറഹിമാൻ

08:45 PM Jul 25, 2025 | AVANI MV

മലപ്പുറം :  ഹജ്ജ് അപേക്ഷകർക്ക് അപേക്ഷകൾ സമർപ്പിക്കുന്നതിന് കൂടുതൽ സമയം നൽകണമെന്ന് ആവശ്യപ്പെട്ട് ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ കേന്ദ്ര മൈനോറിറ്റി വകുപ്പ് മന്ത്രിക്ക് കത്ത് നൽകി. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നിലവിൽ 2025 ജൂലായ് 31 ആണ്. പുതിയ പാസ്പോർട്ടിന് അപേക്ഷ നൽകിയവർക്ക് ഇനിയും പാസ്പോർട്ട് ലഭിക്കാനുണ്ട്. ഓൺലൈൻ സോഫ്റ്റ്വെയറിലെ സാങ്കേതിക തകരാറുകൾ കാരണം അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവരുമുണ്ട്.

അതിനാൽ അപേക്ഷ സമർപ്പിക്കുന്നതിന് കൂടുതൽ സമയം ആവശ്യമാണെന്ന് മന്ത്രി കത്തിൽ വിശദമാക്കി. ഇത്തവണ വളരെ കുറഞ്ഞ സമയമാണ് അപേക്ഷാ സമർപ്പണത്തിന് നൽകിയിരിക്കുന്നത്. മുൻ വർഷങ്ങളിലെപ്പോലെ തന്നെ ഈ വർഷവും അപേക്ഷാ സമർപ്പണം 20 ദിവസത്തേങ്കിലും നീട്ടണമെന്നാണ് മന്ത്രി കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തീയതി നീട്ടിയാൽ കൂടുതൽ പേർക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും. 

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇതുവരെ 2026 വർഷത്തെ ഹജ്ജിന് 11845 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 2252 പേർ 65വയസ്സിൽ കൂടുതലുള്ളവരുടെ വിഭാഗത്തിലും, 1519 പേർ ലേഡീസ് വിതൗട്ട് മെഹ്റം വിഭാഗത്തിലും 8074 പേർ ജനറൽ വിഭാഗത്തിലുമാണ് ഉൾപ്പെടുന്നത്.