
കോഴിക്കോട് : കോഴിക്കോട് കേന്ദ്രമായി അന്താരാഷ്ട്ര സ്റ്റേഡിയം നിർമിക്കുമെന്ന് കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. ഒളവണ്ണ മാവത്തുംപടിയിൽ നവീകരിച്ച വി എസ് അച്യുതാനന്ദൻ മിനി സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. വിദേശ രാജ്യങ്ങളിലേതിന് സമാനമായ രീതിയിൽ തിരുവനന്തപുരത്ത് സ്പോർട്സ് സർക്യൂട്ട് നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും അതിവേഗം കളിസ്ഥലങ്ങൾ നിർമിക്കും. 'പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതിയിലെ കണക്ക് പ്രകാരം 450ലധികം പഞ്ചായത്തുകൾക്ക് സ്വന്തമായി കളിസ്ഥലമില്ലായിരുന്നു. എന്നാൽ, കായിക വകുപ്പിൻ്റെ ഇടപെടലിൽ അതിവേഗം 160 കളിസ്ഥലങ്ങൾ നിർമ്മിക്കാൻ സാധിച്ചു. നിലവിലെ സർക്കാറിന്റെ കാലാവധി പൂർത്തിയാകുന്നതിനു മുമ്പ് തന്നെ ബാക്കിയുള്ള പഞ്ചായത്തുകളിലും കളിസ്ഥലം നിർമ്മിച്ചു നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ മാവത്തും പടിയിലുള്ള വി എസ് അച്യുതാനന്ദൻ മിനിസ്റ്റേഡിയം നവീകരിച്ചത്. കായിക വകുപ്പ് അനുവദിച്ച 50 ലക്ഷം രൂപയും എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽനിന്നുള്ള 50 ലക്ഷം രൂപയുമുൾപ്പെടെ ഒരു കോടി രൂപ ചെലവിലാണ് നവീകരണ പ്രവർത്തനങ്ങൾ നടന്നത്. ഗാലറി പുനരുദ്ധാരണം, ശുചിമുറികൾ, ഗേറ്റ്, വിവിധ ഗെയിംസിനുള്ള ഉപകരണങ്ങൾ, ഫെൻസിങ് സൗകര്യം തുടങ്ങിയവ ഉൾപ്പെടുത്തിയാണ് നവീകരണം.
ചടങ്ങിൽ അഡ്വ. പി ടി എ റഹീം എംഎൽഎ അധ്യക്ഷനായി. ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ ജയപ്രശാന്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. പി ഗവാസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ രവി പറശ്ശേരി, റംല പുത്തലത്ത്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ എം സിന്ധു, പി മിനി, പി ബാബുരാജൻ, പി ശിഖില, ഒളവണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ഷെരീഫ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.