
സെക്കണ്ടറി വിഭാഗം സ്കൂളുകളിൽ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള പോക്സോ കേസുകളുടെ അടിസ്ഥാനത്തിൽ ഇരയായവരെ സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒരു വർഷത്തിലേറെയായിട്ടും അച്ചടക്ക നടപടിയും തുടർ നടപടിയും എടുക്കാത്ത കേസുകളിൽ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സർക്കാരിൽ നിന്നും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഇപ്രകാരം നടപടി സ്വീകരിക്കാത്ത പോക്സോ കേസുകളിൽ നിയമനാധികാരി/മേലധികാരി എന്ന നിലയിൽ പുതുതായി അച്ചടക്ക നടപടി തുടങ്ങുന്നതിനും തുടർന്നുവരുന്ന അച്ചടക്ക നടപടികളിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനും പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവിട്ടുണ്ടെന്നും സെക്രട്ടറിയേറ്റിലെ പിആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.
സമയബന്ധിതമായി നടപടി പൂർത്തിയാക്കാത്ത കേസുകളുടെ ഫയൽ, കെകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ തുടങ്ങിയവ ലഭ്യമാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നടപടി സ്വീകരിച്ചു വരുന്നു. വകുപ്പിന് കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കെതിരെ നിലവിൽ റിപ്പോർട്ട് ചെയ്ത പോക്സോ കേസുകളുടെ എണ്ണം 77 ആണ്. ഇതിൽ 65 പേർ അധ്യാപകരും 12 പേർ അനധ്യാപകരുമാണ്.
ഈ കേസുകളിൽ വകുപ്പുതല അച്ചടക്ക നടപടി പൂർത്തിയാക്കിയ പോക്സോ കേസുകളിൽ 45 ജീവനക്കാർക്കെതിരെ കർശനമായ മറ്റു അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ബാക്കി കേസുകളിൽ ദ്രുതഗതിയിൽ നടപടികൾ സ്വീകരിച്ചുവരുന്നതായും മന്ത്രി അറിയിച്ചു.
വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ പോക്സോ പ്രകാരം രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളും നിലവിൽ കോടതിയുടെ പരിഗണനയിലാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിൽ പോക്സോ കേസിലുൾപ്പെട്ട് സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നും 14 അധ്യാപകരെയും എയിഡഡ് മേഖലയിൽ നിന്നും 7 അധ്യാപകരെയും സസ്പെൻഡ് ചെയ്യുകയും നിയമാനുസൃത നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ 2024-25 അക്കാദമിക വർഷത്തിൽ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്ന് 2 അധ്യാപകരും എയ്ഡഡ് മേഖലയിൽ നിന്ന് 2 അധ്യാപകരുമാണുള്ളത്. താരതമ്യേന മുൻ വർഷത്തേക്കാൾ ഇത്തരത്തിലുള്ള കേസുകൾ കുറഞ്ഞുവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.