സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയിലെ വിദ്യാലയങ്ങളിൽ പ്രവൃത്തി ദിനങ്ങൾ സംബന്ധിച്ച് പഠിക്കുന്നതിനായി ബഹുമാനപ്പെട്ട കേരള ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു
. സർക്കാർ 2025 ജനുവരി 30 നാണ് സമിതിയെ നിയോഗിച്ചത്. ഈ സമിതി വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, സ്‌കൂൾ കൗൺസിലേഴ്സ് തുടങ്ങിയവരുമായി ആശയ വിനിമയം നടത്തി സമയബന്ധിതമായി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ഈ റിപ്പോർട്ട് സർക്കാർ വിശദമായി പരിശോധിച്ചതിനു ശേഷം വരുന്ന അക്കാദമിക വർഷംതന്നെ നടപ്പിലാക്കുന്ന കാര്യം ആലോചിക്കും.
എസ്.സി.ഇ.ആർ.ടി. യുടെ നേതൃത്വത്തിൽ കേരള കേന്ദ്ര സർവകലാശാല വിദ്യാഭ്യാസ വിഭാഗം മേധാവി പ്രൊഫസർ വി പി ജോഷിത്, അഡോളസെന്റ് ആൻഡ് മെന്റൽ ഹെൽത്ത് സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. അമർ എസ് ഫെറ്റിൽ, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രൊഫസർ ഡോ. ദീപ ഭാസ്‌കരൻ, കൈറ്റിലെ സീനിയർ കൺസൾട്ടന്റ് ഡോ. പി കെ ജയരാജ്, എസ് സി ഇ ആർ ടി മുൻ റിസർച്ച് ഓഫീസർ ഡോ. എൻ പി നാരായണനുണ്ണി എന്നിവരാണ് സമിതി അംഗങ്ങൾ.