ചെന്നൈ: സിന്ധുനദീതട സംസ്‌കാര കാലത്തെ പുരാതന ലിപി വായിക്കുന്നവര്‍ക്ക് എട്ടരക്കോടി രൂപ സമ്മാനമായി നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. പഴക്കം ചെന്ന സംസ്‌കാരങ്ങളിലൊന്നായ സിന്ധൂനദീതട സംസ്‌കാര കാലത്തെ ലിപി വായിച്ചെടുക്കാന്‍ ഏറെക്കാലമായി ഭാഷാ-ചരിത്ര ഗവേഷകര്‍ ശ്രമിക്കുകയാണ്. അതിനിടെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
”ഒരിക്കല്‍ സമ്പന്നമായി വളര്‍ന്ന സിന്ധുനദീതട സംസ്‌കാരവുമായി ബന്ധപ്പെട്ട രേഖകളിലെ ലിപി വ്യക്തമായി മനസിലാക്കാന്‍ നമുക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഗവേഷകര്‍ അതിനായുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. അത്തരം ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാനായി, ഈ ലിപി സംബന്ധിച്ച സങ്കീര്‍ണതകള്‍ പരിഹരിക്കുന്ന വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പത്ത് ലക്ഷം യുഎസ് ഡോളര്‍ സമ്മാനമായി നല്‍കും” സ്റ്റാലിന്‍ പറഞ്ഞു.