ന്യൂഡൽഹി : യു.എസിന്റെ അധിക തീരുവയിൽ നരേന്ദ്രമോദി സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തിയ അധിക തീരുവ ബുധനാഴ്ച നിലവിൽ വന്നിരുന്നു. മോദിയുടെ ഉപരിപ്ലവമായ വിദേശകാര്യം നയം ഒന്നു കൊണ്ടുമാത്രമാണ് വലിയ നഷ്ടം സംഭവിച്ചിരിക്കുന്നതെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
''മോദി ജീ, താങ്കളുടെ പ്രിയപ്പെട്ട സുഹൃത്ത് ട്രംപ് ചുമത്തിയ 50 ശതമാനം തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഈ തീരുവ വർധനവ് ആദ്യ ഘട്ടത്തിൽ 10 മേഖലകളിലായി മാത്രം 2.17 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തുമെന്നാണ് കണക്കാക്കുന്നത്''-എന്നാണ് ഖാർഗെ എക്സിൽ കുറിച്ചത്.
പരുത്തി കർഷകരെയാണ് തീരുവ വർധന ഏറ്റവും കൂടുതൽ ബാധിക്കുകയെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. വ്യക്തിപരമായി പണം നൽകി അവരെ സംരക്ഷിക്കാൻ തയാറാണെന്ന് താങ്കൾ നേരത്തേ പ്രഖ്യാപിച്ചിരിന്നുവല്ലോ. എന്നാൽ അവർക്കേറ്റ ആഘാതം ലഘൂകരിക്കാനോ ഉപജീവനമാർഗം സംരക്ഷിക്കാനോ താങ്കൾ ഒന്നും ചെയ്തിട്ടില്ല. ട്രംപ് സർക്കാറിന്റെ അധിക തീരുവ ഇന്ത്യയുടെ ജി.ഡി.പിയെ പോലും ബാധിക്കുമെന്നാണ് ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനീഷ്യേറ്റീവ് ചൂണ്ടിക്കാട്ടുന്നതെന്നും ഇതിൽ നിന്ന് മുതലെടുക്കുക ചൈനയാണെന്നും ഖാർഗെ വ്യക്തമാക്കി.
കയറ്റുമതി അധിഷ്ഠിത പ്രധാന മേഖലകൾക്ക് വൻതോതിലുള്ള തൊഴിൽ നഷ്ടം നേരിടേണ്ടിവരും. ഇന്ത്യൻ ടെക്സ്റ്റൈൽ കയറ്റുമതി മേഖലയിൽ ഏകദേശം 500,000 തൊഴിൽ നഷ്ടമുണ്ടാകും. ആഭരണ-രത്ന മേഖലകൾക്കും വലിയ നഷ്ടമുണ്ടാകും. അധിക തീരുവ തുടരുകയാണെങ്കിൽ ഈ മേഖലയിൽ 150,000 to 200,000 ഇടയിൽ തൊഴിൽ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നതെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
യു.എസ് 10 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ഏപ്രിൽ മുതൽ സൗരാഷ്ട്ര മേഖലയിൽ ഡയമണ്ടുകൾ മുറിക്കുകയും പോളിഷ് ചെയ്യുകയും ചെയ്യുന്ന ഒരുലക്ഷത്തോളം തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടു. അഞ്ചുലക്ഷം ചെമ്മീൻ വ്യാപാരികളെ നേരിട്ടും രണ്ടര ലക്ഷം വ്യാപാരികളെ നേരിട്ടല്ലാതെയും അധിക തീരുവ ചുമത്തിയത് ബാധിക്കുമെന്നും ഖാർഗെ അവകാശപ്പെട്ടു.
ഇന്ത്യയുടെ ദേശീയതയാണ് പരമമായ കാര്യം. ശക്തമായ ഒരു വിദേശനയത്തിന് ഉള്ളടക്കവും വൈദഗ്ധ്യവും ആവശ്യമാണ്. എന്നാൽ താങ്കളുടെ ഉപരിപ്ലവമായ വിദേശനയ ഇടപെടലുകൾ ( അതായത് പുഞ്ചിരി, ആലിംഗനം, സെൽഫികൾ) ഇന്ത്യക്കാരുടെ താൽപ്പര്യങ്ങൾക്ക് ദോഷം ചെയ്തു. ഒരു വ്യാപാര കരാറിലെത്തുന്നതിലും നിങ്ങൾ കനത്ത പരാജയമായി. ഇപ്പോൾ നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിലും നിങ്ങൾ പരാജയപ്പെട്ടിരിക്കുന്നു-ഖാർഗെ കുറ്റപ്പെടുത്തി.