എന്തുകൊണ്ടാണ് ക്യാമറകൾ ഓണായിരിക്കുമ്പോൾ മാത്രം മോദിക്ക് രക്തം തിളയ്ക്കുന്നത് ; രാഹുൽ ഗാന്ധി

04:00 PM May 24, 2025 | Neha Nair

ഡൽഹി: രാജസ്ഥാനിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി. എന്തുകൊണ്ടാണ് ക്യാമറകൾ ഓണായിരിക്കുമ്പോൾ മാത്രം നരേന്ദ്രമോദിക്ക് രക്തം തിളയ്ക്കുന്നതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. പ്രധാനമന്ത്രി പൊളളയായ പ്രസംഗങ്ങൾ അവസാനിപ്പിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മോദിജീ, പൊളളയായ പ്രസംഗങ്ങൾ അവസാനിപ്പിക്കൂ, തീവ്രവാദത്തെക്കുറിച്ചുളള പാകിസ്ഥാന്റെ പ്രസ്താവന എന്തിനാണ് വിശ്വസിച്ചതെന്ന് ഞങ്ങളോട് പറയൂ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു മുന്നിൽ തലകുനിച്ചുകൊണ്ട് നിങ്ങൾ രാജ്യതാൽപ്പര്യം ബലികഴിച്ചത് എന്തിനാണ്? ക്യാമറകൾക്ക് മുന്നിൽ മാത്രം നിങ്ങളുടെ രക്തം തിളയ്ക്കുന്നത് എന്തുകൊണ്ടാണ്? താങ്കൾ രാജ്യത്തിന്റെ അഭിമാനത്തിന് കോട്ടംവരുത്തി’- രാഹുൽ എക്‌സിൽ കുറിച്ചു.

അതേസമയം പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ നേരത്തെ എഐസിസി ജനറൽ സെക്രട്ടറി ജയ്‌റാം രമേശും രംഗത്തെത്തിയിരുന്നു. പൊതുറാലികളിൽ സിനിമാ ഡയലോഗുകൾ പറയുന്നതിനു പകരം പ്രധാനമന്ത്രി അദ്ദേഹത്തോട് ചോദിക്കുന്ന ഗൗരവമേറിയ ചോദ്യങ്ങൾക്കുളള ഉത്തരം നൽകുകയാണ് ചെയ്യേണ്ടതെന്ന് ജയ്‌റാം രമേശ് പറഞ്ഞു.