‘മോദി വെറും ഷോ മാത്രം, കാമ്പില്ല’ ; പരിഹസിച്ച് രാഹുൽ ഗാന്ധി

05:40 PM Jul 26, 2025 | Neha Nair

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി വെറും 'ഷോ' ആണെന്നും കാമ്പില്ലെന്നും പരിഹസിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തനിക്ക് മോദി ഒരു പ്രശ്നമേയല്ല. അദ്ദേഹത്തിൻറേത് വെറും പ്രകടനം മാത്രമാണ്, മാധ്യമങ്ങൾ അനാവശ്യമായി പ്രാധാന്യം നൽകുന്നതാണെന്നും രാഹുൽ പറഞ്ഞു. ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി മോദിയെ രണ്ടു മൂന്നു തവണ കാണുകയും അദ്ദേഹത്തോടൊപ്പം ഒരേ മുറിയിൽ ഇരിക്കുകയും ചെയ്തപ്പോൾ, പ്രധാനമന്ത്രി ഒരിക്കലും ‘വലിയ പ്രശ്ന’മായി തനിക്ക് തോന്നിയില്ല. പ്രധാനമന്ത്രി മോദിയെക്കുറിച്ച് പറയാൻ പ്രത്യേകിച്ച് ഒന്നുമില്ല. മാധ്യമങ്ങൾ അദ്ദേഹത്തെ അനാവശ്യമായി വലുതാക്കി കാണിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.

ഇന്ത്യയിലെ ഉദ്യോഗസ്ഥ സംവിധാനത്തിൽ പിന്നാക്കം നിൽക്കുന്നവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ സമൂഹങ്ങളുടെ പ്രാതിനിധ്യം കുറവാണെന്നും രാഹുൽ പറഞ്ഞു. ദലിതർ, പിന്നാക്ക വിഭാഗങ്ങൾ, ഗോത്രവർഗക്കാർ, ന്യൂനപക്ഷങ്ങൾ എന്നിവർ ചേർന്ന് രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 90 ശതമാനം വരും. എന്നാൽ ബജറ്റ് തയാറാക്കി ഹൽവ വിതരണം ചെയ്യുമ്പോൾ, ഈ 90 ശതമാനം പേരെ പ്രതിനിധീകരിക്കുന്ന ആരും ഉണ്ടായിരുന്നില്ല. ഈ 90 ശതമാനമാണ് രാജ്യത്തെ ഉൽപാദന ശക്തിയെ രൂപപ്പെടുത്തുന്നതെന്നും രാഹുൽ പറഞ്ഞു.