+

മാസപ്പടി കേസ് : വീണാ വിജയൻ പ്രതി; വിചാരണ ചെയ്യാന്‍ അനുമതി

എക്സാലോജിക് – സിഎംആർഎൽ ഇടപാടുകളിൽ വീണാ വിജയനെ വിചാരണ ചെയ്യാൻ അനുമതി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണാ വിജയനെതിരെ അന്വേഷണം നടത്താൻ അനുമതി നൽകിയത്.

ന്യൂഡൽഹി∙ എക്സാലോജിക് – സിഎംആർഎൽ ഇടപാടുകളിൽ വീണാ വിജയനെ വിചാരണ ചെയ്യാൻ അനുമതി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണാ വിജയനെതിരെ അന്വേഷണം നടത്താൻ അനുമതി നൽകിയത്. ഇതോടെ വീണ കേസിൽ പ്രതിയാകും. സിഎംആർഎൽ  – എക്സാലോജിക് ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന് എസ്എഫ്ഐഒയുടെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. ക്രമക്കേട് വ്യക്തമായതോടെ കേസുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയത്തിന്റെ നീക്കം.

അതേസമയം, ഏത് ഏജൻസിയാണ് കേസ് അന്വേഷിക്കുക എന്നു വ്യക്തമല്ല. സിഎംആർഎൽ പലർക്കും പണം നൽകിയെന്നും പ്രാഥമിക അന്വേഷണത്തിൽനിന്ന‍ു വ്യക്തമായിരുന്നു. പണം നൽകിയവരുടെ പട്ടികയിൽ പല രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ നേതാക്കളുമുണ്ടെന്നാണ് എസ്എഫ്ഐഒയുടെ പ്രാഥമിക അന്വേഷണത്തിൽ തന്നെ കണ്ടെത്തിയത്.

veena

രാഷ്ട്രീയ നേതാക്കള്‍ക്ക് സിഎംആര്‍എല്‍ 182 കോടി രൂപ നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിഎംആര്‍എല്‍ ഈ തുക കള്ളക്കണക്കില്‍ എഴുതി വകമാറ്റി. സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ മരുമകന്‍ ആനന്ദ പണിക്കര്‍ക്ക് 13 കോടി രൂപ കമ്മിഷന്‍ നല്‍കി. കോര്‍പ്പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് നടത്തിയ അഴിമതിയാണെന്നും എസ്എഫ്ഐഒയുടെ റിപ്പോര്‍ട്ടിലുണ്ട്.

എക്സാലോജിക്കും സിഎംആർഎലും തമ്മിൽ നടന്ന ഇടപാടിൽ ദുരൂഹതയുണ്ടെന്നാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ നിലപാട്. ഇടപാടിനു പിന്നിൽ അഴിമതിയുണ്ടോയെന്നും ഏജൻസി അന്വേഷിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ സ്വാധീനിക്കാനാണോ മകൾ വീണാ വിജയന് പണം നൽകിയതെന്നതും കേസിന്റെ ഭാഗമായി അന്വേഷിക്കും.

വീണാ വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കമ്പനി നിയമം അനുസരിച്ചാണ് എസ്എഫ്ഐഒ നടപടി. വീണാ വിജയനൊപ്പം ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ ഫിനാന്‍സ് വിഭാഗം ചീഫ് ജനറല്‍ മാനേജര്‍ സുരേഷ് കുമാര്‍ എന്നിവരും പ്രതികളാണ്.

facebook twitter