ഭാര്യാ പിതാവിനെയും മാതാവിനെയും യുവാവ് വെട്ടിപരുക്കേല്‍പ്പിച്ചു

11:50 AM Apr 22, 2025 | AVANI MV

പാലക്കാട്: കുടുംബവഴക്കിനെ തുടര്‍ന്ന് വൃദ്ധ ദമ്പതികളെ മരുമകന്‍ വെട്ടിപരുക്കേല്‍പ്പിച്ചു. പിരിയാരി കൊടുന്തിരപ്പുള്ളി തരവത്ത്പടി ടെറി (71), മോളി (65) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ മരുമകന്‍ മേപ്പറമ്പ് സ്വദേശി റിനോയ് (39) ആണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. സംഭവശേഷം ഒളിവില്‍ പോയ റിനോയ്ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. ടെറി-മോളി ദമ്പതികളുടെ മകള്‍ രേഷ്മയുടെ ഭര്‍ത്താവാണ് റിനോയ്. ഉച്ചയോടെ പിരായിരിയിലെ ഭാര്യ വീട്ടിലെത്തിയ റിനോയ് വീട് അകത്തുനിന്നും പൂട്ടി മുളകുപൊടി വിതറി വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന്് മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് ബൈക്കില്‍ റിനോയ് കടന്നുകളഞ്ഞു. സംഭവം നടക്കുമ്പോള്‍ രേഷ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല. രേഷ്മ വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളെ വെട്ടേറ്റ നിലയില്‍ കണ്ടത്. ഉടനെ തന്നെ നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ടൗണ്‍ നോര്‍ത്ത് പോലീസ് കേസെടുത്തു.