ന്യൂയോര്‍ക്ക്: ആറുവസ്സുകാരനായ മകനെ കൊന്ന കുറ്റത്തിന് യുഎസ് ദേശീയ അന്വേഷണ ഏജന്‍സി എഫ്ബിഐയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽപ്പെട്ട സ്ത്രീയെ ഇന്ത്യയില്‍നിന്ന് പിടികൂടി. എഫ്ബിഐയുടെ '10 മോസ്റ്റ് വാണ്ടഡ് ഫുജിറ്റീവ്' പട്ടികയിൽപ്പെട്ട സിന്‍ഡി റോഡ്രിഗസ് സിങ്ങിനെ(40)യാണ് അറസ്റ്റ് ചെയ്തത്. 2022-ല്‍ മകന് നോയല്‍ റോഡ്രിഗസ് അല്‍വാരസിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇന്ത്യ ഉള്‍പ്പെടെ 190 രാജ്യങ്ങളില്‍ സിന്‍ഡി റോഡ്രിഗസ് സിങ്ങിനുവേണ്ടി എഫ്ബിഐ അന്വേഷണം നടത്തിയിരുന്നു. പട്ടികയില്‍ നാലാം സ്ഥാനത്തുള്ള സിന്‍ഡിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എഫ്ബിഐ 2.5 ലക്ഷം ഡോളര്‍(2.18 കോടി രൂപ) പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
2023 മാര്‍ച്ചില്‍ ഭിന്നശേഷിക്കാരനായ നോയലിന്റെ ക്ഷേമം അന്വേഷിച്ച ടെക്സസിലെ അധികൃതര്‍ക്ക് സിന്‍ഡി പറഞ്ഞ കാര്യങ്ങളില്‍ ദുരൂഹത തോന്നിയതാണ് കേസിനാധാരം. കുട്ടി ടെക്സസിലില്ലെന്നും 2022 മുതല്‍ മെക്സിക്കോയില്‍ യഥാര്‍ഥ അച്ഛനൊപ്പമാണെന്നുമാണ് സിന്‍ഡി പറഞ്ഞത്. മാത്രമല്ല, അന്വേഷണം ഭയന്ന് രണ്ടുദിവസത്തിനകം ഭര്‍ത്താവ് അര്‍ഷ്ദീപ് സിങ്ങിനും മറ്റു ആറ് മക്കള്‍ക്കുമൊപ്പം ഇന്ത്യയിലേക്ക് രക്ഷപ്പെടുകയും ചെയ്തു. യാത്രാരേഖകള്‍ പരിശോധിച്ചതില്‍നിന്ന് കുടുംബം ഇന്ത്യയിലേക്ക് പോകുമ്പോള്‍ ആറുവയസ്സുള്ള മകന് ഇവര്‍ക്കൊപ്പമുണ്ടായില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. കുട്ടിയെ കാണാതായെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ടെക്സസിലുടനീളം ആംബര്‍ അലര്‍ട്ട് നല്‍കിയിരുന്നു. കുട്ടികളെ കാണാതാകുമ്പോള്‍ പുറപ്പെടുവിക്കുന്ന ജാഗ്രതാനിർദേശമാണ് ആംബര്‍ അലര്‍ട്ട്.
ബുദ്ധിപരമായ വളര്‍ച്ചയില്‍ പ്രശ്നങ്ങളുണ്ടായിരുന്ന നോയലിന് ശ്വാസകോശപ്രശ്നം, അസ്ഥിബലക്ഷയം ഉള്‍പ്പെടെ മറ്റു ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നു. നോയലിന്റെ ദേഹത്ത് പിശാചുബാധയുണ്ടെന്നും തനിക്ക് ജനിച്ച ഇരട്ടക്കുട്ടികളെ നോയൽ കൊല്ലുമെന്നും സിന്‍ഡി ഭയപ്പെട്ടിരുന്നതായി ചില അടുപ്പക്കാര്‍ പോലീസിനെ അറിയിച്ചു. ഇവര്‍ നോയലിനെ നേരാംവണ്ണം നോക്കുകയോ ഭക്ഷണമോ വെള്ളമോ കൊടുക്കയോ ഡയപ്പര്‍ മാറ്റുകയോ ചെയ്തിരുന്നില്ലെന്നും പറയപ്പെടുന്നു. നിരന്തരം ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. 2023 ഒക്ടോബറിലാണ് ഇവര്‍ക്കെതിരേ ടെക്സസ് കോടതി കുറ്റം ചുമത്തുന്നത്. 2024 ഒക്ടോബറില്‍ ഇന്റര്‍പോള്‍ ഇവര്‍ക്കെതിരേ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു.