ആഫ്രിക്കയിലെ മൊസാംബിക് കപ്പൽ അപകടം : കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി

07:37 PM Oct 20, 2025 | Neha Nair

ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലുണ്ടായ ബോട്ട് അപകടത്തിൽ കാണാതായ തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണൻറെ മൃതദേഹം കണ്ടെത്തി. മൃതദേഹം നാട്ടിലേക്ക് എത്തിക്കുവാനുള്ള നടപടിക്രമങ്ങൾ തുടരുകയാണ്. 2 മലയാളി യുവാക്കൾ അടങ്ങുന്ന സംഘമാണ് അപകടത്തിൽ പെട്ടത്. ‌എറണാകുളം പിറവം സ്വദേശി ഇന്ദ്രജിത്തും കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗുമടക്കം അഞ്ച് ഇന്ത്യക്കാർക്കായി തിരച്ചിൽ തുടരുകയാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചിരുന്നു. അപകടത്തിൽ മൂന്ന് ഇന്ത്യക്കാരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ 16-ാം തീയതിയാണ് അപകടത്തെ തുടർന്ന് ശ്രീരാഗിനെ കാണാതായ വിവരം കുടുംബം അറിയുന്നത്. അതേസമയം, ബോട്ട് അപകടത്തിൽ കാണാതായവരിൽ മറ്റൊരു മലയാളി എറണാകുളം പിറവം സ്വദേശി ഇന്ദ്രജിത്തുമുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബോട്ട് അപകടം ഉണ്ടായത്. ആകെ 21 പേരാണ് ബോട്ടിലുണ്ടായിരുന്നത്. കടലിൽ വീണ 16 പേരെ രക്ഷപ്പെടുത്തിയിരുന്നു.