2006ലെ മുംബൈ ട്രെയിൻ സ്ഫോടന കേസിലെ 12 പ്രതികളെയും വെറുതെ വിട്ട് ബോംബൈ ഹൈക്കോടതിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഹർജി പരാമർശിച്ച കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. കോടതി വിധി ഞെട്ടിപ്പിക്കുന്നതാണെന്നും അതിനെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്നലെ പ്രതികരിച്ചിരുന്നു.
ആറ് മലയാളികൾ അടക്കം 180 ലധികം പേർ കൊല്ലപ്പെട്ട സ്ഫോടന പരമ്പര. രാജ്യം ഒന്നടങ്കം നടുങ്ങിയ സ്ഫോടനക്കേസിലാണ് ഹൈക്കോടതി ഇന്നലെ വിധി പറഞ്ഞത്. കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ അമ്പേ പരാജയപ്പെട്ടെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു പ്രതികളെയും വെറുതെ വിട്ട് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്. വിധി പ്രസ്താവത്തിൽ പ്രോസിക്യൂഷനെതിരെ അതിരൂക്ഷ വിമർശനമാണ് ബോംബൈ ഹൈക്കോടതി ഉയർത്തിയത്. 711 പേജുള്ള വിധി പകർപ്പിൽ കോടതി പറയുന്നത് ഇങ്ങനെ... പ്രതികൾ എന്ന പേരിൽ പ്രോസിക്യൂഷൻ ഹാജരാക്കിയവർ കുറ്റം ചെയ്തെന്ന് വിശ്വസിക്കാൻ പ്രയാസമാണ്, അതിനാൽ ശിക്ഷാവിധി റദ്ദാക്കുന്നു. ഇവർക്കെതിരെ മറ്റു കേസുകൾ ഇല്ലെങ്കിൽ ജയിൽ മോചിതരാക്കണം. പ്രോസിക്യൂഷന് തെളിയിക്കാനാകാത്തതിനാൽ സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് വിട്ടയയ്ക്കുന്നത്. അന്വേഷണത്തിൽ കണ്ടെത്തിയ ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഭൂപടങ്ങളും ലോക്കൽ ട്രെയിനിലെ സ്ഫോടനവുമായി ബന്ധമില്ലാത്തതാണ്. കേസിൽ പ്രോസിക്യൂഷൻ അമ്പേ പരാജയപ്പെട്ടെന്ന് ഹൈക്കോടതി പ്രത്യേക ബെഞ്ചിലെ ജഡ്ജിമാരായ അനിൽ കിലോർ, ശ്യാം ചന്ദക് എന്നിവർ വിധിച്ചു.
2006 ജൂലായ് 11 നാണ് 11 മിനിറ്റിനുള്ളിൽ ഏഴ് ബോംബുകൾ മുംബൈയിലെ വിവിധ ലോക്കൽ ട്രെയിനുകളിലായി പൊട്ടിത്തെറിച്ചത്. വൈകിട്ട് 6.24ന് ഖാർറോഡ് റെയിൽവേ സ്റ്റേഷനിലായിരുന്നു ആദ്യ സ്ഫോടനം. ബാന്ദ്ര, ജോഗേശ്വരി, മാഹിം, മീരാറോഡ്, മാട്ടുംഗ, ബോറിവ്‌ലി എന്നിവിടങ്ങളിൽ തുടർസ്ഫോടനം. സിമി പ്രവർത്തകർ അടക്കം ആകെ 13 പ്രതികളിൽ ഒരാൾ വിചാരണകാലയളവിൽ മരിച്ചിരുന്നു. അഞ്ച് പേർക്ക് വധശിക്ഷയും 7പേർക്ക് ജീവപര്യന്തവുമാണ് വിചാരണക്കോടതി വിധിച്ചത്. കേസിൽ നിരപരാധികളായവരെ ക്രൂരമായി എടിഎസ് മർദ്ദിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് വാദമാണ് പ്രതികളുടെ അഭിഭാഷകർ മുന്നോട്ട് വച്ചത്. സംഭവം നടന്ന 19 വർഷങ്ങൾക്ക് ഇപ്പുറം രാജ്യം കണ്ട വലിയ സ്ഫോടന കേസിൽ പ്രതികൾ കുറ്റവിമുക്തരാകുമ്പോൾ മഹാരാഷ്ട്ര എടിഎസ് നടത്തിയ അന്വേഷണം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഒപ്പം യഥാർത്ഥ പ്രതികൾ എവിടെ എന്ന ചോദ്യവും.