ഇരിക്കൂർ : ഇരിക്കൂർ കല്യാട് ഗ്രാമത്തെ ഞെട്ടിച്ച കൊലപാതക മോഷണ കേസിലെ പ്രതിയായ യുവാവിനെ പൊലിസ് കസ്റ്റഡിയിൽ വാങ്ങും. കഴിഞ്ഞ ദിവസം 30 പവൻ സ്വർണം മോഷണം പോയ വീട്ടിലെത്തിച്ചു തെളിവെടുക്കാനാണ് ഇരിട്ടി ഡി.വൈ.എസ്.പി കെ.വി ധനജ്ഞയ ബാബുവിൻ്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി ഇരിക്കൂറിലേക്ക് കൊണ്ടുവരുന്നതിന് കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനായി ഹരജി നൽകുന്നത്.
മോഷണം നടന്ന കല്യാട്ടെ വീട്ടിലെ മരുമകളായ കർണാടക സ്വദേശിനിയായ യുവതിയെ ഞായറാഴ്ച്ച ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ പി സുഭാഷിന്റെ ഭാര്യ ദർഷിത(22)യെയാണ് കൊല്ലപ്പെട്ട നിലയിൽ മരിച്ച കണ്ടെത്തിയത്. ഇവരുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് സിദ്ധരാജു(22)വിനെ സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു. പെരിയപട്ടണം സ്വദേശിയാണ് സിദ്ധരാജു.
സാലിഗ്രാമിലെ ലോഡ്ജിൽവെച്ച് ദർഷിതയും സുഹൃത്തും തമ്മിൽ വാക്കു തർക്കമുണ്ടായിരുന്നു. തുടർന്ന് ഇയാൾ ദർഷിതയുടെ വായിൽ ഇലക്ട്രിക് ഡിറ്റനേറ്റർ തിരുകി ഷോക്കേൽപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.
വെളളിയാഴ്ച്ചയാണ് കല്യാട്ടെ വീട്ടിൽ നിന്ന് ദർഷിത മകൾ എട്ടുവയസുകാരിയായ അരുന്ധതിയുമൊത്ത് കർണാടകയിലെ സ്വന്തം നാടായ ഹുൻസുർ ബിലിക്കരെയിലേക്ക് പോയത്.
അന്ന് വൈകീട്ടോടെയാണ് വീട്ടിൽ മോഷണം നടന്നത്. ഇവരുടെ ഭർത്താവ് വിദേശത്താണ്. ഭർതൃമാതാവും സഹോദരനുമാണ് കണ്ണൂരിലെ വീട്ടിലുണ്ടായിരുന്നത്. ഇരുവരും ജോലിക്ക് പോയ സമയത്താണ് വീട്ടിൽ മോഷണം നടന്നത്. വീടിന്റെ വാതിൽക്കൽ ചവിട്ടിയുടെ അടിയിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ച് വാതിൽ തളളിത്തുറന്നാണ് കളളൻ വീടിനകത്ത് കയറിയത്. സംഭവത്തിൽ ഇരിക്കൂർ സി ഐ രാജേഷും സംഘവും അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് സ്വർണം തട്ടിയെടുത്ത സിദ്ധരാജു ലോഡ്ജിലുണ്ടായ വാക്തർക്കത്തെ തുടർന്ന് തൻ്റെ പെൺസുഹൃത്തായ ദർഷിതയയെ അതിക്രൂരമായി കൊന്നത്.