+

മസ്കിന്റെ എഐ സ്റ്റാർട്ടപ്പായ ഗ്രോക്കിപീഡിയ ലോഞ്ച് നീട്ടി

മസ്കിന്റെ എഐ സ്റ്റാർട്ടപ്പായ ഗ്രോക്കിപീഡിയ ലോഞ്ച് നീട്ടി

കാലിഫോർണിയ: ടെക് ലോകം ആകാംഷയോടെ കാത്തിരുന്ന ഒരു പ്രോജക്റ്റാണ് ഇലോൺ മസ്കിൻ്റെ എഐ സ്റ്റാർട്ടപ്പായ ഗ്രോക്കിപീഡിയ. നിലവിൽ ലോകത്തിലെ വിവരങ്ങളുടെ ഏറ്റവും വലിയ ഉറവിടമായ വിക്കിപീഡിയക്ക് ഒരു എഐ അധിഷ്ഠിത ബദൽ സൃഷ്ടിക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ ലക്ഷ്യം. ഇപ്പോഴിതാ ഗ്രോക്കിപീഡിയയുടെ പ്രാരംഭ ലോഞ്ച് വൈകുമെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. എഐ അധിഷ്‌ഠിതമായിട്ടുള്ള വിജ്ഞാന പ്ലാറ്റ്‌ഫോമാണ് മസ്‌ക് വിഭാവനം ചെയ്യുന്ന ഗ്രോക്കിപീഡിയ. ഗ്രോക്കിപീഡിയയുടെ പതിപ്പ് 0.1 പ്രാരംഭ ബീറ്റ രണ്ടാഴ്‌ചയ്ക്കുള്ളിൽ പുറത്തിറക്കുമെന്നായിരുന്നു മുമ്പ് മസ്‌കിൻറെ പ്രസ്‌താവന. എന്നാൽ ഇപ്പോൾ ഗ്രോക്കിപീഡിയ v0.1 ലോഞ്ച് നീട്ടിവയ്ക്കുന്നതായി മസ്‍ക് വ്യക്തമാക്കി.

മനുഷ്യൻ്റെ ഇടപെടലില്ലാതെ, എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കുകയും സംഗ്രഹിച്ച് അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു പ്ലാറ്റ്‌ഫോമാണ് ഗ്രോക്കിപീഡിയ. വിക്കിപീഡിയയെപ്പോലെ ഉപയോക്താക്കളെ ആശ്രയിക്കാതെ, എഐയുടെ കരുത്തിൽ വിവരങ്ങൾ സ്വയം സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം. തൻറെ കമ്പനിയായ എക്‌സ്‌എഐ വിക്കിപീഡിയക്ക് സമാനമായ ഗ്രോക്കിപീഡിയ എന്ന ഒരു പ്ലാറ്റ്‌ഫോം നിർമ്മിക്കുകയാണെന്നും എന്നാൽ കൂടുതൽ മികച്ചതും കൃത്യവുമായ വിവരങ്ങൾ അത് നൽകുമെന്നും ഇലോൺ മസ്‌ക് നേരത്തെ അവകാശപ്പെട്ടിരുന്നു. 

സത്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതും, പക്ഷപാതമോ മറഞ്ഞിരിക്കുന്ന അജണ്ടകളോ ഇല്ലാത്തതുമായ ഒരു വിജ്ഞാന അടിത്തറ സ്ഥാപിക്കുക എന്നതാണ് ഗ്രോക്കിപീഡിയയുടെ പ്രധാന ലക്ഷ്യം എന്നാണ് മസ്‍ക് അവകാശപ്പെടുന്നത്. നിലവിൽ മസ്കിൻ്റെ മറ്റ് എഐ ഉൽപ്പന്നങ്ങളായ ‘ഗ്രോക്’ ചാറ്റ്ബോട്ടിന് ലഭിച്ച സ്വീകാര്യതയുടെ പശ്ചാത്തലത്തിൽ, ഗ്രോക്കിപീഡിയ എഐയുടെ സാധ്യതകൾക്ക് പുതിയ മാനം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോഞ്ച് നീട്ടിവെച്ചെങ്കിലും, ലോകോത്തര നിലവാരത്തിലുള്ള ഒരു വിവര വിപ്ലവത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ടെക് സമൂഹം.

facebook twitter