+

'ചോദ്യം ചെയ്യലിന് പൊലീസിന് മുമ്പില്‍ ഹാജരാകണം'; അല്ലു അര്‍ജുന് നോട്ടീസ്

ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്റ്റേഷനില്‍ ഹാജരാകാനാണ് താരത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നരഹത്യ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അല്ലു അര്‍ജുന് നോട്ടീസ്. ഇന്ന് ഹാജരാകാനാണ് നിര്‍ദേശം. ചിക്കഡ്പള്ളി പൊലീസാണ് നോട്ടീസ് അയച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്റ്റേഷനില്‍ ഹാജരാകാനാണ് താരത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസംബര്‍ 13-ന് നടനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ നടന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

ഇക്കഴിഞ്ഞ ഡിസംബര്‍ നാലാം തീയതി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണാനെത്തിയ ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39) തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചു.

ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാന്‍വിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്. ഇതിനിടെ അല്ലു അര്‍ജുന്‍ അപ്രതീക്ഷിതമായി തിയറ്ററിലേക്ക് എത്തുകയും ആരാധകര്‍ തിരക്ക് കൂട്ടുകയും ചെയ്തു. തിയറ്ററിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ രേവതിയും മകന്‍ ശ്രീതേജും കുഴഞ്ഞുവീഴുകയായിരുന്നു. രേവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ദിവസങ്ങള്‍ക്കുശേഷം മകന് മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്തു.

facebook twitter